ഇറ്റലിക്കെതിരെയുള്ള മത്സരം കളിച്ചത് ഗുരുതര പരിക്കുമായി. കെവിന്‍ ഡിബ്രിയൂണ്‍ വെളിപ്പെടുത്തുന്നു.

യൂറോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം താരമായ കെവിന്‍ ഡിബ്രിയൂണ്‍ കളത്തില്‍ ഇറങ്ങിയത് ഗുരുതരമായ പരിക്കുമായി. കണങ്കാലിലെ ലിഗ്മെന്‍റ് പരിക്കോടെയാണ് കെവിന്‍ ഡിബ്രിയൂണ്‍ ഇറ്റലിക്കെതിരെ ബൂട്ട് കെട്ടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം പരാജയപ്പെട്ടു.

പോര്‍ച്ചുഗലിനെതിരെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരത്തിനു പരിക്കേറ്റത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ബെല്‍ജിയം താരം പരിക്കിന്‍റെ പിടിയാണ്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ പരിക്കേറ്റ് യൂറോ കപ്പ് നഷ്ടമായെന്ന് കരുതിയെങ്കിലും പരിക്ക് ഭേദമായി കെവിന്‍ ഡിബ്രിയൂണ്‍ തിരിച്ചെത്തി.

ഇറ്റലിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ ഏഡന്‍ ഹസാഡിനെക്കൂടാതെയാണ് ബെല്‍ജിയം ഇറങ്ങിയത്. മത്സരത്തില്‍ രണ്ട് അവസരങ്ങള്‍ കെവിന്‍ ഡി ബ്രിയൂണ്‍ ഒരുക്കിയിരിന്നു. പോർച്ചുഗലുമായുള്ള മത്സരശേഷം കണങ്കാലിലെ പൊട്ടലുമായാണ് താൻ ഇറ്റലിക്കെതിരെ കളത്തിലിറങ്ങിയതെന്നാണ് ഡിബ്ര്യൂണെയുടെ വെളിപ്പെടുത്തൽ.

രാജ്യത്തിനായി കളിക്കുന്നതിനാണ് പ്രഥമപരിഗണന കൽപ്പിക്കുന്നതെന്ന് പറഞ്ഞ താരം കൂടുതൽ അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരുന്നത് ഡോക്ടർമാരുടെ കരുതൽ മൂലമാണെന്നും വ്യക്തമാക്കി.