സൂപ്പര്‍ ഗോളുമായി പെരേര ഡയസും അല്‍വാരോ വാസ്കസും. കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തിലേ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ജോര്‍ജ്ജ് പെരേര ഡയസ്,  അല്‍വാരോ വാസ്കസ് നേടിയ ഗോളുകളാണ് കേരളാ ബ്ലാസ്റ്റേഴ്സിനു വിജയം നേടി കൊടുത്തത്. രണ്ട് മഞ്ഞ കാര്‍ഡ് വാങ്ങി ആയുഷ് അധികാരി പുറത്തു പോയപ്പോള്‍ അവസാന 20 മിനിറ്റ് പത്ത് പേരുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കിയത്.

ബെംഗളൂരുവിന് എതിരായ പരാജയത്തിനു ശേഷം ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പൂട്ടിയക്ക് പകരം മധ്യനിരയിൽ ആയുഷ് അധികാരിയാണ്  പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്. ആദ്യ ഇലവനില്‍ എത്തിയ ആയുഷ് അധികാരി ബോക്സിനു പുറത്ത് നിന്നും നിരവധി ഷോട്ടുകള്‍ എടുത്തെങ്കിലും ഗോള്‍ അകന്നു നിന്നു. 41ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ ഗോൾ ബാറിൽ തട്ടിയാണ് പുറത്ത് പോയത്‌.

Screenshot 20220204 211851 Instagram

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ബോക്സില്‍ നിരന്തരം ആക്രമണം നടത്തിയ  കേരളാ ബ്ലാസ്റ്റേഴ്സ് ഒടുവില്‍ ഗോള്‍ കണ്ടെത്തി. നിഷു കുമാര്‍ നല്‍കിയ ക്രോസ് ഹെഡറിലൂടെ ഖബ്ര പെരേര ഡയസിനു മറിച്ചു നല്‍കുകയായിരുന്നു. മറ്റൊരു ഹെഡറിലൂടെ പെരേര ഡയസ് ഗോളാക്കി മാറ്റുകയായിരുന്നു. 62ാം മിനിറ്റില്‍ ഗോള്‍ നേടുന്നതിനു തൊട്ടു മുന്‍പ് ലൂണയുടെ ഒരു ഹെഡര്‍ ഗോള്‍ ശ്രമം ഇഞ്ചുകളുടെ വിത്യാസത്തില്‍ ഗോളില്‍ നിന്നും മാറിയിരുന്നു. ഡിയസിന്റെ സീസണിലെ നാലാം ഗോള്‍ ആണിത്.

Screenshot 20220204 211907 Instagram 1

67ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കാര്‍ഡ് വഴങ്ങിയ ആയുഷ് അധികാരിക്ക് പുറത്തു പോകേണ്ടി വന്നു. പത്തു പേരുമായി ചുരുങ്ങിയെങ്കിലും പ്രതിരോധത്തില്‍ മികച്ചു നിന്നു. അതിനിടെ നോര്‍ത്ത് ഈസ്റ്റ് താരത്തിന്‍റെ പാസ്സ് പിടിച്ചെടുത്ത അല്‍വാരോ വാസ്കസ് ഗോള്‍കീപ്പര്‍ ഔട്ട് ഓഫ് പൊസിഷനില്‍ നില്‍കുകയാണെന്ന് മനസ്സിലാക്കിയ താരം ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തി. അവസാന മിനിറ്റില്‍ ഇര്‍ഷാദ് ആശ്വാസ ഗോള്‍ നേടി.

FB IMG 1643990622977

വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത് എത്തി. 13 മത്സരങ്ങളില്‍ 23 പോയിന്‍റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഫെബ്രുവരി 10 ന് ജംഷദ്പൂരിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.