സൗത്ത് ഇന്ത്യന്‍ ഡര്‍ബിയില്‍ തകര്‍പ്പന്‍ വിജയവുമായി പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിനെതിരെ മൂന്നു ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇരട്ട ഗോളുമായി പെരേര ഡയസും അവസാനം ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ നേടിയത്.
സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചത്. 38ാം മിനിറ്റില്‍ ലൂണ അതിവേഗം എടുത്ത ഫ്രീകിക്ക് വാസ്കസിനു പാസ്സ് നല്‍കി. വാസ്കസ് നല്‍കിയ ലോ ക്രോസ് ടാപ്പിന്‍ ചെയ്യേണ്ട ജോലിയേ ജോര്‍ജ്ജ് പെരേര ഡയസിനുണ്ടായിരുന്നുള്ളു. എന്നാല്‍ പെരേര ഡയസിന്‍റെ ഷോട്ട് ഗോള്‍ പോസ്റ്റിനു സൈഡിലൂടെ പോയി. നേരത്തെ ചെന്നൈക്കു വേണ്ടി ജോബി ജസ്റ്റിനും ഒരവസരം പാഴാക്കി.
രണ്ടാം പകുതിയിലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളുകള്‍ പിറന്നത്. 52ാം മിനിറ്റില്‍ ലൂണയുടെ പാസ്സില്‍ നിന്നുമായിരുന്നു ജോര്‍ജ്ജ് ഡയസിന്‍റെ ഗോള്‍. മികച്ച ഫിനിഷിങ്ങിലൂടേ മുന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന്‍റെ പ്രായിശ്ചിത്തമാണ് കേരള ബ്ലാസ്റ്റേഴ്സ് താരം നടത്തിയത്.
മൂന്നു മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ നേടി ഡയസ് ആധികാരിക ലീഡ് നേടികൊടുത്തു. സഞ്ജീവ് സ്റ്റാലിന്‍റെ ഷോട്ടില്‍ നിന്നും റീബൗണ്ടിലൂടെയാണ് ജോര്‍ജ്ജ് ഡയസ് രണ്ടാം ഗോള്‍ നേടിയത്. രണ്ട് ഗോള്‍ ലീഡ് നേടിയതോടെ കനത്ത ആക്രമണമാണ് ചെന്നൈ പോസ്റ്റിലേക്ക് നടത്തിയത്.
പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും ചെന്നൈയിന്‍ ഡിഫന്‍സിന്‍റെ കനത്ത പ്രതിരോധം ഭേദിക്കാനായില്ലാ. എന്നാല്‍ 90ാം മിനിറ്റില്‍ ലൂണയുടെ അതി മനോഹര ഫ്രീകിക്ക് വിശാല്‍ കെയ്തിനെ മറികടന്നു.
ജയത്തോടെ പോയന്‍റ് പട്ടികയില്‍ 18 കളികളില്‍ 30 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി ഗോവക്കെതിരെ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്താവും. മുംബൈ സിറ്റി എഫ് സിക്ക് 17 കളികളില്‍ 28 പോയന്‍റാണുള്ളത്. 19 കളികളില്‍ 20 പോയന്‍റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്ത് തുടരുന്നു.