ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 76ാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് – ബാംഗ്ലൂരു എഫ്.സി യെ നേരിടും. ഗോവയിലെ തിലക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 17 ദിവസത്തെ നിര്‍ബന്ധിത ബ്രേക്കിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക. അവസാനമായി ജനുവരി 12 നു ഒഡീഷക്കെതിരെയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്‍റെ വിജയം.
പിന്നീട് കേരളാ ക്യാംപില്‍ കോവിഡ് പിടപ്പെട്ടത്തോടെ താരങ്ങള്‍ക്ക് ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടി വന്നു. മതിയായ താരങ്ങള്‍ ഇല്ലാത്തതിനാല്‍ രണ്ട് മത്സരങ്ങള്‍ മാറ്റി വച്ചു. ബാംഗ്ലൂരിനെതിരെ ഇറങ്ങുമ്പോഴും മതിയായ താരങ്ങള്‍ ഇല്ലാ എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാന്‍ വുകമനോവിച്ച് പറയുന്നു.
അതേ സമയം അപരാജിതമായ ഏഴു മത്സരങ്ങള്‍ കളിച്ചാണ് ബാംഗ്ലൂര്‍ എത്തുന്നത്. അവസാന മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് തോല്‍പ്പിച്ചത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു തിരിച്ചെത്തുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
സീസണില്‍ കേരളത്തിന്‍റെ പ്രതിരോധ നിര വളരെ അച്ചടക്കത്തോടെയാണ് കളിച്ചത്. ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകളും (5) ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും (10) കേരള ബ്ലാസ്റ്റേഴ്സാണ്. ബാംഗ്ലൂരുവിന്‍റെ കാര്യം പറയുകയാണെങ്കില്‍ സെറ്റ് പീസില്‍ നിന്നും അപകടം വിതയ്ക്കുന്ന ടീമാണ് ബാംഗ്ലൂര്‍. 12 ഗോളുകളാണ് സെറ്റ് പീസില്‍ നിന്നും ഈ സീസണ്‍ നേടിയത്. അതില്‍ ഏഴു ഗോളും കോര്‍ണറില്‍ നിന്നാണ്.