ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഗോവക്ക് സമനില. ആദ്യ പകുതിയില്‍ പിറന്ന നാലു ഗോളുകളാണ് മത്സരത്തിന്‍റെ ഫലം നിര്‍ണയിച്ചത്. രണ്ട് ഗോളിനു പുറകില്‍ നിന്ന ശേഷമാണ് ഗോവ തിരിച്ചടിച്ചത്.
ആദ്യ മിനിറ്റ് മുതല്‍ ആക്രമണം തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ജിക്സണ്‍ സിങ്ങിലൂടെയാണ് ലീഡ് നേടിയത്. അഡ്രിയാന്‍ ലൂണ നല്‍കിയ കോര്‍ണറില്‍ നിന്നും ഹെഡറിലൂടെ വലയില്‍ എത്തിച്ചു. 20ാം മിനിറ്റില്‍ ലോങ്ങ് റേഞ്ച് അത്ഭുത ഗോളോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. സീസണിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നാണ് പിറന്നത്.
എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഗോവ സമനില പിടിച്ചു. 24ാം മിനിറ്റില്‍ സേവ്യര്‍ ഗാമ മറിച്ചു നല്‍കിയ പാസ്സ് നല്ല ടേണോടെ ഗോളാക്കി മാറ്റി. 32ാം മിനിറ്റില്‍ സഹലിനു ഗോള്‍ നേടാനുള്ള അവസരം ഉണ്ടായെങ്കിലും വാസ്കസ് നല്‍കിയ പാസ്സില്‍ നിന്നും സഹലിന്‍റെ ഹെഡര്‍ പോസ്റ്റിനു മുകളിലൂടെ പോയി.
38ാം മിനിറ്റില്‍ എഡു ബേഡിയ കോർണറിൽ നിന്നും നേടിയ ഒളിമ്പിക് ഗോളില്‍ ഗോവ സമനില നേടി. 40ാം മിനിറ്റില്‍ ഇരു ടീമും തമ്മില്‍ കൊമ്പുകൊര്‍ത്തു. ഗ്ലെൻ മാർടിൻസിനും ലെസ്കോവിച്ചിനും മഞ്ഞ കാര്‍ഡ് കൊടുത്തു പ്രശ്നം പരിഹരിച്ചു.
രണ്ടാം പകുതിയില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ഗോവ എത്തിയത്. മധ്യനിരയില്‍ ഗോവ കളി നിയന്ത്രിച്ചതോടെ പന്തുകള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളില്‍ നിരന്തരം എത്തി. 86ാം മിനിറ്റില്‍ ഗോവക്ക് അനുകൂലമായ ഒരു ഫ്രീകിക്ക് ലഭിച്ചത്. എഡു ബേഡിയയുടെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് മടങ്ങി.
മത്സരത്തിലെ സമനിലയിലുടെ കേരള ബ്ലാസ്റ്റേഴ്സ് 14 പോയിന്‍റുമായി മൂന്നാമതാണ്. തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരാജയമറിയാതെ ടൂര്‍ണമെന്‍റില്‍ മുന്നേറുന്നത്. 9 പോയിന്‍റുമായി ഗോവ ഒന്‍പതാമതാണ്.