കടം തീര്‍ക്കാന്‍ പുതിയ കോച്ച്. കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇവാന്‍ വുകുമാനോവിച്ച് എത്തും. കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയ കരാര്‍ സ്വീകരിച്ച സെര്‍ബിയന്‍ കോച്ചിന്‍റെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും.

കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് കിബു വിക്കൂനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്. സീസണ്‍ അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് കിബു വിക്കൂന ക്ലബ് വിട്ടിരുന്നു. ടീമിന്‍റെ പത്താമത്തെ പരിശീലകനായിട്ടാണ് ഇവാന്‍ എത്തുന്നത്.

നേരത്തെ അപോളന്‍ ലിമാസോളിന്‍റെ പരിശീലകനായിരുന്നപ്പോള്‍ കളിച്ച ഫക്കുണ്ടോ പെര്യേര ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ട്. അതിനു മുന്‍പ് സ്ലോവേനിയന്‍ ക്ലബായ ബ്രറ്റിസാവയെ പരിശീലിപ്പിച്ചു. 2013 ല്‍ ബെല്‍ജിയം ക്ലബായ സ്റ്റാന്‍ഡേര്‍ഡ് ലീഗിന്‍റെ സഹപരിശീലകനായാണ് കോച്ചിങ്ങ് കരിയര്‍ ആരംഭം.

രണ്ടു വര്‍ഷത്തെ കരാറില്‍ ഇവാന്‍ വുകമാനോവിച്ച് എത്തുമ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ വളരെ പ്രതീക്ഷയോടെ എത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ് നിരവധി മാറ്റങ്ങള്‍ നടത്തിയട്ടുണ്ട്.

എട്ടാം സീസണിനു മുന്നോടിയായി ധനചന്ദ്ര മിഠേ, സന്ദീപ് സിങ്ങ് എന്നിവര്‍ക്ക് കരാര്‍ നീട്ടികൊടുത്തു. രോഹിത് കുമാറിനെ ക്ലബില്‍ നിന്നും പോകാന്‍ അനുവദിച്ചപ്പോള്‍ ഹര്‍മന്‍ജോത് കബ്ര, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം എന്നിവരെ ടീമിലെത്തിച്ചു.