ഉദ്ഘാടന മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബാംഗ്ലൂരിനെതിരെ കണക്ക് തീര്‍ത്തു.

F6j7ITyXsAELVCU

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കെസിയ വിന്‍ഡോര്‍പ്പിന്‍റെ സെല്‍ഫ് ഗോളും അഡ്രിയാന്‍ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ നേടിയത്. കര്‍ട്ടിസ് മെയിന്‍ ബാംഗ്ലൂരിന്‍റെ ആശ്വാസ ഗോള്‍ നേടി. കഴിഞ്ഞ ഐ എസ് എൽ പ്ലേ ഓഫിലെ കണക്കു തീർക്കൽ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം

52–ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പ്രതിരോധ താരം കെസിയ വീന്‍ഡോർപിന്റെ സെൽഫ് ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെയാണ് സെല്‍ഫ് ഗോള്‍ വീണത്. 69ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിന്‍റെ പിഴവ് മുതലെടുത്ത് ലൂണ ലീഡ് ഇരട്ടിയാക്കി.

നിശ്ചിത സമയം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കുർട്ടിസ് മെയ്നാണ് ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സ് ബോക്സിനു നടുവിൽനിന്ന് കുർട്ടിസ് എടുത്ത കിക്ക് ഗോളി സച്ചിനെയും മറികടന്ന് വലയിൽ. അവസാന മിനിറ്റുകളിൽ സമനില പിടിക്കാൻ കുർട്ടിസ് ഒരു ശ്രമം കൂടി നടത്തിയെങ്കിലും സച്ചിൻ സുരേഷ് പ്രതിരോധിച്ചു.

ആദ്യ പകുതിയില്‍ ഇരു ടീമുകൾക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റനായില്ലാ. മത്സരത്തിന്റെ 24–ാം മിനിറ്റിൽ ബെംഗളൂരു ബോക്സിലേക്കു പന്തുമായി കുതിച്ച ജാപ്പനീസ് താരം ഡെയ്സുകെ സകായെ വീഴ്ത്തി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 33–ാം മിനിറ്റിൽ ഡെയ്സുകെ സകായുടെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് രക്ഷപ്പെടുത്തി.

35–ാം മിനിറ്റിൽ ബെംഗളൂരുവിന്റെ നവോറം റോഷൻ സിങ്ങിന്റെ വോളി നേരിയ വ്യത്യാസത്തിലാണു പുറത്തേക്കു പോയത്. 37–ാം മിനിറ്റിലെ ബെംഗളൂരു താരങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റം ഡാനിഷ് ഫറൂഖ് രക്ഷപ്പെടുത്തി.

Scroll to Top