ഐ.എഫ്.എഫ്.എച്ച്.എസ് കഴിഞ്ഞ വർഷത്തെ ഫുട്ബോൾ ലോകത്തിലെ അവാർഡുകൾ ഓരോന്നോരോന്നായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി തന്നെയായിരുന്നു ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരവും,മികച്ച താരത്തിനുള്ള പുരസ്കാരവും,മികച്ച പ്ലേ മേക്കർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയത്. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം തിബൗട്ട് കോർട്ടുവ ആയിരുന്നു സ്വന്തമാക്കിയത്.
ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനിസിനെ പിന്തള്ളി കൊണ്ടായിരുന്നു ബെൽജിയൻ സൂപ്പർ താരം ഈ അവാർഡ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കഴിഞ്ഞവർഷം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള അവാർഡ് ഐ.എഫ്.എഫ്.എച്ച്.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത് അർജൻ്റീനയുടെ സൂപ്പർ താരം ഹൂലിയൻ അൽവാരസാണ്. കോപ്പ ലിബർട്ടഡോറസ് മത്സരത്തിൽ ആറ് ഗോളുകൾ ആയിരുന്നു താരം നേടിയത്.
അർജൻ്റീന ക്ലബ്ബായ റിവർ പ്ലേറ്റിന് വേണ്ടി കളിക്കുമ്പോഴായിരുന്നു താരം ഈ ഗോളുകൾ അടിച്ചുകൂട്ടിയത്. ഈ ലിസ്റ്റിൽ മലയാളികൾക്ക് അഭിമാനിക്കാൻ സാധിക്കുന്ന ഒരു കാര്യവും സംഭവിച്ചിട്ടുണ്ട്. കേരള താരം ജെസ്സിൻ തോണിക്കരക്ക് ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കഴിഞ്ഞവർഷം നടന്ന കർണാടകക്കെതിരായ മത്സരത്തിൽ 5 ഗോളുകൾ ആയിരുന്നു താരം നേടിയത്. ഈ പട്ടികയിൽ ഇടം നേടാൻ ഈ ഗോൾ നേട്ടമാണ് താരത്തെ സഹായിച്ചത്.
ഈ പട്ടികയിൽ ലയണൽ മെസ്സിയും സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം എസ്റ്റോണിയക്കെതിരെ അഞ്ചു ഗോളുകൾ ആയിരുന്നു താരം ഒരു മത്സരത്തിൽ നേടിയത്. ആ സൗഹൃദ മത്സരത്തിലെ ഗോൾ നേട്ടത്തിനാണ് പട്ടികയിൽ മെസ്സി സ്ഥാനം നേടിയത്. ഇവരെ കൂടാതെ പട്ടികയിൽ സ്ഥാനം നേടിയ മറ്റൊരു താരം ഇറ്റാലിയൻ ഇതിഹാസം മരിയോ ബല്ലോട്ടെല്ലിയാണ്. എന്തുതന്നെയായാലും ഈ താരങ്ങൾക്കിടയിൽ സ്ഥാനം നേടാൻ സാധിച്ചത് മലയാളക്കരക്കും ജെസ്സിനും അഭിമാനം നൽകുന്ന കാര്യം തന്നെയാണ്.