ഐ-ലീഗിൽ തങ്ങളുടെ തിരിച്ചുവരവ് അറിയിച്ച് ഗോകുലം കേരള എഫ് സി

ആവേശജനകമായ പോരാട്ടത്തിൽ പുറകിൽ നിന്നും പൊരുതി കയറി ഗോകുലം കേരള എഫ് സി റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ് സിക്കെതിരെ മിന്നും വിജയം കരസ്ഥമാക്കി.

ആദ്യപകുതിയിൽ തന്നെ രണ്ട് ടീമുകളും മികച്ച ആക്രമണമാണ് കാഴ്ച വെച്ചത്. പക്ഷേ കിട്ടിയ അവസരങ്ങളും ഓപ്പൺ ചാൻസുകളും ഗോകുലത്തിന് മുതലെടുക്കുവാൻ സാധിച്ചില്ല. നിരന്തരമായി കൗണ്ടർ അറ്റാക്ക് നടത്തിയ റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സി ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ അടിച്ച് കളിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു. റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സിക്ക് വേണ്ടി മുൻ ബെംഗളൂരു എഫ്സി താരം ചെൻചോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കളിയുടെ 18-ാം മിനുട്ടിൽ തന്നെ ഗയേൽഷെനിലൂടെ ആദ്യ വെടി പൊട്ടിച്ച റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ് സി, 25-ാം മിനുട്ടിൽ ഇതേ കളിക്കാരന്റെ ബൂട്ടുകളിൽ നിന്നും രണ്ടാം ഗോളും നേടിയെടുത്തു. തൊട്ടടുത്ത മിനുട്ടിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി അഡ്‌ജ കളിയിലെ ആദ്യ ഗോൾ നേടി.

ആദ്യ പകുതിയിൽ കളി അവസാനിക്കുമ്പോൾ 1-3 ന്റെ വ്യക്തമായ ലീഡ് റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സിക്ക് ഉണ്ടായിരുന്നു. പക്ഷേ രണ്ടാം പകുതി ആരംഭിച്ചപ്പോൾ കളി ആകെ മാറി മറഞ്ഞു. വിങ്ങുകളിലൂടെ ജിതിൻ എം. എസ് മിന്നൽ കുതിപ്പുകൾ ഗോകുലം എഫ്സിക്ക് വേണ്ടി കാഴ്ചവെച്ചു. 69, 73 മിനിറ്റുകളിൽ ആന്റ്വി വക ഇരട്ട ഗോളുകൾ ഗോകുലം നേടി. 75-ാം മിനുട്ടിൽ റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സി താരം വക കയറിയ സെൽഫ് ഗോളും കൂടെ കൂട്ടി ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ 4-3 ന്റെ വ്യക്തമായ ലീഡിൽ രാജകീയമായാണ് ഗോകുലം കേരള എഫ്സി കളി അവസാനിപ്പിച്ചത്.