ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിനു തകര്‍പ്പന്‍ വിജയം

രാജ്യാന്തര പുരുഷ ഫുട്ബോളിലെ ടോപ്പ് സ്കോററായ ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഇല്ലാതിരുന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനു തകര്‍പ്പന്‍ വിജയം. റൊണാള്‍ഡോയുടെ അഭാവം കാണാതിരുന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനു അസര്‍ബൈജാനെയാണ് തോല്‍പ്പിച്ചത്. വിജയത്തോടെ എ ഗ്രൂപ്പില്‍ ഒന്നാമത് എത്തി.

ഐര്‍ലന്‍റിനെതിരെയുള്ള മത്സരത്തില്‍ മഞ്ഞ കാര്‍ഡ് കണ്ടത് കാരണമാണ് ഈ മത്സരത്തില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വന്നത്. മത്സരത്തില്‍ 26ാം മിനിറ്റിലാണ് ആദ്യ ഗോള്‍ വന്നത്. ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ്സില്‍ ടോപ്പ് കോര്‍ണറിലേക്ക് ഷോട്ട് എടുത്ത് ബെര്‍ണാഡോ സില്‍വയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരം മുന്നേറ്റ നിരയില്‍ കളിച്ച ആന്ദ്രേ സില്‍വ, അഞ്ച് മിനിറ്റിനു ശേഷം ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ താരം ജോട്ട, പോര്‍ച്ചുഗലിന്‍റെ മൂന്നാം ഗോള്‍ നേടി.

അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്‍റുമായി അസര്‍ബൈജാന്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. സൗഹൃദ മത്സരത്തില്‍ ഖത്തറിനെതിരെയാണ് പോര്‍ച്ചുഗലിന്‍റെ അടുത്ത മത്സരം.

Previous articleഞാൻ മാറിയപ്പോൾ മാത്രം ദ്രാവിഡ്‌ ടീമിലെത്തി :രഹാനക്ക്‌ നിർദേശം നൽകി മഞ്ജരേക്കർ
Next articleരവി ശാസ്ത്രിക്കും വിരാട് കോഹ്ലിക്കും ലഭിക്കുക കടുത്ത ശിക്ഷയോ :അന്വേഷണത്തിന് ബിസിസിഐ