വളരെ കുറച്ച് നാളുകൾക്ക് മുൻപ് ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ ക്ലബ്ബാണ് സൗദി ക്ലബ് അൽ നസർ. ഫുട്ബോൾ ആരാധകർക്കിടയിൽ ഈ ചെറിയ ക്ലബ്ബ് ശ്രദ്ധ നേടിയത് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാങ്ങാൻ ശ്രമിക്കുന്ന ക്ലബ്ബ് എന്ന നിലയിലാണ്. സ്വന്തം ലീഗിൽ വമ്പന്മാരാണെങ്കിലും സൗദിക്ക് പുറത്ത് അത്ര വലിയ പേരൊന്നും ഈ ക്ലബ്ബിനില്ല.
എന്നാൽ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത പുറത്തു വന്നത് മുതൽ ഈ ക്ലബ്ബിന് ലഭിച്ച പ്രശസ്തി ചില്ലറയൊന്നുമല്ല. ഇപ്പോഴിതാ എല്ലാ റൂമുകളും സത്യമാക്കിക്കൊണ്ട് സൂപ്പർ താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ് സൗദി അറേബ്യൻ ടീം. റൊണാൾഡോയെ ടീമിൽ എത്തിച്ചതുകൊണ്ട് സൗദി ക്ലബ്ബിന് മാത്രമല്ല ഏഷ്യൻ ഫുട്ബോളിലും നൽകുന്ന ഡ്രൈവിംഗ് ഫോഴ്സ് ചെറുതോന്നും ആയില്ല. ഇപ്പോഴും റൊണാൾഡോയെ അൽ നസർ സ്വന്തമാക്കി എന്ന വാർത്ത അല്ലാതെ ആ ലീഗിനെ കുറിച്ചോ ആ ക്ലബ്ബിനെ കുറിച്ചോ പലർക്കും വലിയ ധാരണകൾ കാണില്ല. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ പിറവിയെടുക്കുന്നത് 67 വർഷങ്ങൾക്ക് മുൻപ് 1955 ഒക്ടോബർ 24നാണ്.
റിയാദിൽ നിന്നുമാണ് ഈ ക്ലബ്ബ് ഉയർന്നുവന്നത്. ക്ലബ്ബിൻ്റെ ഹോം സ്റ്റേഡിയം മിർസൂൽ പാർക്ക് ആണ്. ടീമിൻ്റെ വിളിപ്പേര് ഇൻ്റർനാഷണൽ ക്ലബ് എന്ന അർത്ഥം വരുന്ന അൽ- ആലാമി എന്നാണ്. വിജയം എന്നാണ് നസർ എന്ന വാക്കിന് അർത്ഥം.
ആ പേരിന് അനുയോജ്യമായ രീതിയിൽ 27 തവണയാണ് വിവിധ ലീഗുകളിൽ ഈ ടീം ചാമ്പ്യന്മാർ ആയിട്ടുള്ളത്. 9 തവണയാണ് ഡൊമസ്റ്റിക് ലെവലിൽ സൗദി പ്രൊ ലീഗ് കിരീടം നേടിയിട്ടുള്ളത്. മൂന്ന് തവണ ക്രൗൺ പ്രിൻസ് കപ്പും,6 തവണ കിങ്സ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഫെഡറേഷൻ കപ്പ് മൂന്ന് തവണയും സൗദി സൂപ്പർ കപ്പ് രണ്ട് തവണയും റിയാദിൽ എത്തിക്കാൻ അൽ നസറിന് സാധിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ തലത്തിൽ ജി.സി.സി ചാമ്പ്യൻസ് ലീഗ് 2 തവണയും,ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പും,ഏഷ്യൻ സൂപ്പർ കപ്പും, ഹിസ്റ്റോറിക് ഏഷ്യൻ ഡബിളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
ഇത് പേരിൽ ഒമാൻ,കുവൈറ്റ്,ബഹ്റൈൻ,യു.എ.ഇ ലിബിയ എന്നിവിടങ്ങളിലും ക്ലബ്ബുകൾ ഉണ്ട്. എന്നാൽ ആദ്യം ഈ പേര് സ്വീകരിച്ചത് സൗദി ക്ലബ്ബാണ്. ടീമിൻ്റെ നിറം മഞ്ഞയും നീലയും ആണ്. സൗദിയിലെ വിശാലമായ മരുഭൂമികളെയും മണൽപരപ്പിനെയും മഞ്ഞ നിറം പ്രതിനിധാനം ചെയ്യുമ്പോൾ നീലനിറം പ്രതിനിധാനം ചെയ്യുന്നത് അറബികടലിലെ വെള്ളത്തെയാണ്. ടീമിൻ്റെ ക്രസ്റ്റ് മഞ്ഞ ബാക്ക്ഗ്രൗണ്ടിൽ സൗദിയുടെ ഭൂപടമാണ്. ടീമിൻ്റെ സുവർണ്ണ കാലമായി കണക്കാക്കിയിരുന്നത് 1989 മുതൽ 2002 വരെ ആയിരുന്നു. മുഹ്സിൻ അൽ ജമാന്‍, ഫഹദ് അൽ ഹെരാഫി, മജീദ് അബ്ദുല്ല എന്നിവരായ സൗദിയുടെ ഗോൾഡൻ ട്രയോ എന്നറിയപ്പെടുന്ന ഈ കളിക്കാരായിരുന്നു ടീമിൻ്റെ കരുത്ത്.
ഇവർ മടങ്ങിയതോടെ ടീമിൻ്റെ പ്രതാപവും വാങ്ങുകയായിരുന്നു. പിന്നീട് 4-5 സീസണുകളിൽ ചിത്രത്തിൽ പോലും ഈ ക്ലബ്ബ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ തങ്ങൾക്ക് നഷ്ടപ്പെട്ട ഓരോ കിരീടവും പ്രതാപവും ഒന്നൊന്നായി തിരിച്ചു പിടിക്കുകയാണ് സൗദി വമ്പന്മാർ. ഇപ്പോൾ ഇതാ ഇതിഹാസ താരത്തെ ടീമിൽ എത്തിക്കുമ്പോൾ അത് അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒന്നാകും.