പത്ത് പേരായി ചുരുങ്ങിയട്ടും ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍

കോപ്പാ അമേരിക്കാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍. രണ്ടാം പകുതിയില്‍ ഗബ്രീയല്‍ ജീസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബ്രസീല്‍ മത്സരം പൂര്‍ത്തിയാക്കിയത്. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയണ് ബ്രസീലിന്‍റെ വിജയ ഗോള്‍ സമ്മാനിച്ചത്.

Neymar Copa America

ആദ്യ പകുതിയില്‍ നിരവധി തവണ ബ്രസീലിനു ലീഡ് നേടാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഗോള്‍ അടിക്കാന്‍ ബ്രസീല്‍ മുന്നേറ്റത്തിനു സാധിച്ചില്ലാ. രണ്ടാം പകുതിയില്‍ ഫിര്‍മീഞ്ഞോക്ക് പകരക്കാരനായി എത്തിയ ലൂക്കാസ് പക്വേറ്റ മിനിറ്റുകള്‍ക്കം ബ്രസീലിനെ മുന്നിലെത്തിച്ചു. ബ്രസീലിന്‍റെ ഒരു മുന്നേറ്റത്തില്‍ ക്ലോസ് റേഞ്ച് വോളിയിലൂടെയാണ് ബ്രസീല്‍ ലീഡെടുത്തത്.

Brazil Celebration

എന്നാല്‍ 48ാം മിനിറ്റില്‍ ചിലി താരം എഗ്വിനാ മെനയെ ഫൗള്‍ ചെയ്തതിനു ബ്രസീല്‍ താരം ഗബ്രിയല്‍ ജീസസ് ഡയറക്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്ത് പേരുമായി ചുരുങ്ങിയ ബ്രസീലിനെതിരെ ചിലി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ചിലിയുടെ ഒരു ഗോള്‍ ഓഫ്സൈഡിലൂടെ നിഷേധിച്ചപ്പോള്‍ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ചിലിയന്‍ ആക്രമണം മുഴുവന്‍ സമയവും അതിജീവിച്ച ബ്രസീല്‍ സെമിഫൈനലില്‍ കടന്നു.

പാരഗ്വയെ തോല്‍പ്പിച്ചു എത്തിയ പെറുവാണ് സെമിഫൈനലില്‍ ബ്രസീലിന്‍റെ എതിരാളികള്‍. മറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീന ഇക്വഡോറിനെയും, കൊളംമ്പിയ യുറുഗ്വായെ നേരിടും.