ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കാസിമെറോയുടെ ഗോളില്‍ റയല്‍ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലീഗില്‍ മുന്‍പന്തിയിലുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം 3 ആയി കുറയ്ക്കുകയും ചെയ്തു.
ഇരു പകുതികളിലുമായി രണ്ട് ഹെഡര്‍ ഗോള്‍ അവസരം പാഴാക്കിയതിനു ശേഷമാണ് കാസിമെറോയുടെ വിജയഗോള്‍ പിറന്നത്. 65ാം മിനിറ്റില്‍ ടോണി ക്രൂസിന്‍റെ ഫ്രീകിക്കില്‍ നിന്നുമാണ് റയല്‍ മാഡ്രിഡിന്‍റെ വിജയ ഗോള്‍ പിറന്നത്.
കരീം ബെന്‍സേമ ഇല്ലാതെയാണ് റയല്‍ മാഡ്രിഡ് എവേ പോരാട്ടത്തില്‍ ഇറങ്ങിയത്. എന്നാലും തുടര്‍ച്ചയായ നാലാം ലാലീഗ മത്സരവും വിജയിക്കാന്‍ സാധിച്ചു. നേരത്തെ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ലെവാന്‍റെയുമായി പരാജയപ്പെട്ടിരുന്നു.
വിജയത്തോടെ 24 മത്സരങ്ങളില്‍ നിന്നും 52 പോയിന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാമത് തുടരുന്നു. അതേ സമയം ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 55 പോയിന്‍റുമായി ഒന്നാമത് തുടരുന്നു. റയല്‍ മാഡ്രിഡിന്‍റെ അടുത്ത പോരാട്ടം ചാംപ്യന്‍സ് ലീഗില്‍ അറ്റ്ലാന്‍റക്കെതിരെയാണ്. അതിനു ശേഷം റയല്‍ സോഷ്യഡാദിനെ നേരിടുന്ന റയല്‍ മാഡ്രിഡ്, മാര്‍ച്ച് 7 ന് കിരീട പോരാട്ടം നിര്‍ണയിക്കുന്ന മാഡ്രിഡ് ഡെര്‍ബി കളിക്കും.