എല്ലാ ബാഴ്സലോണ മെസ്സി ആരാധകരെയും ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു മെസ്സി ബാഴ്സലോണ വിട്ടത്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ വിടവാങ്ങൽ വളരെയധികം വേദനയുണ്ടാക്കിയ സംഭവം ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സലോണ പ്രസിഡൻറ് യോൻ ലപ്പോർട്ട. ക്ലബ്ബിൻറെ ഇതിഹാസ താരമായ മെസ്സിക്ക് അർഹിച്ച രീതിയിലുള്ള വിടവാങ്ങൽ നൽകുമെന്നും ക്ലബ് പ്രസിഡൻ്റ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ബാഴ്സയും ആയി പുതിയ കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മെസ്സി പി എസ് ജിയിലേക്ക് ചേക്കേറിയത്. ക്ലബ്ബിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ക്ലബ് ഇതിഹാസ താരത്തെ ഒഴിവാക്കിയത് എന്ന് ലപ്പോർട്ട നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ക്ലബ്ബായ പി എസ് ജി യിലേക്ക് ചേക്കേറിയതിന് ശേഷം ബാഴ്സയിൽ ഉണ്ടായിരുന്ന മെസ്സിയുടെ നിഴൽ പോലും പിഎസ്‌ജിയിൽ കണ്ടിട്ടില്ല. ആരാധകർക്കും ഏറെ നിരാശയാണ് താരം പി എസ് ജിയിൽ കളിക്കുന്നത്.
“അത് സംഭവിച്ചതു മുതൽ എനിക്ക് വേദനയായിരുന്നു. മെസി ഞങ്ങൾക്കു നൽകിയ എല്ലാത്തിനെയും ആദരിക്കാനുള്ള നീക്കങ്ങൾക്ക് ഞാൻ അംഗീകാരം നൽകുന്നു, ഞാൻ അവരെ നയിക്കുന്നു, അല്ലെങ്കിൽ അവർക്കു പിന്നിൽ അണിനിരക്കുന്നു. താരം ഞങ്ങൾക്ക് എല്ലാം നൽകിയിട്ടുണ്ട്. നിങ്ങൾ ശരിയായ വിശകലനമാണ് നടത്തിയിരിക്കുന്നത്.എന്നെ സംബന്ധിച്ച് ലിയോ എല്ലായിപ്പോഴും ബാഴ്‌സലോണയിൽ ഉണ്ടാകണമായിരുന്നു. എന്നാൽ സാഹചര്യങ്ങൾ കൊണ്ട് അതു ഞങ്ങൾക്കു ചെയ്യേണ്ടി വന്നു.
എന്നാലതിന്റെ പേരിൽ ഞങ്ങൾക്ക് അദ്ദേഹത്തിന് നൽകേണ്ടി വരുന്ന അംഗീകാരത്തെ ഇല്ലാതാക്കാൻ കഴിയില്ല. നിരവധി വർഷങ്ങൾ ബാഴ്‌സലോണയ്ക്ക് വിജയങ്ങൾ സമ്മാനിച്ച മെസിക്ക് ഇപ്പോഴോ പിന്നീടോ വിടവാങ്ങൽ നൽകണം.ലയണൽ മെസി ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ ഇരുപതു വർഷത്തെ ബാഴ്‌സയെ മനസിലാക്കാൻ കഴിയില്ലായിരുന്നു. താരം ഈ ടീമിന്റെ മൂലക്കല്ലായിരുന്നു. ഞങ്ങളതിന് പരിഹാരം കാണാത്തത് എനിക്ക് വേദനയാണ്. നിങ്ങളതിന് നിർദ്ദേശങ്ങൾ നൽകുക, അതിനു പരിഹാരം കാണുന്നത് വരെ ഞാൻ വേദനിക്കും.”- ലപ്പോർട്ട പറഞ്ഞു.