ഇരട്ട ഗോളുമായി ജൂഡ്. ഇഞ്ചുറി ടൈമില്‍ എല്‍ ക്ലാസിക്കോ വിജയം നേടി റയല്‍ മാഡ്രിഡ്.

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. ജൂഡ് ബെല്ലിംങ്ഹാം ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗുണ്ടോഗനാണ് ബാഴ്സലോണയുടെ ഏക ഗോള്‍ നേടിയത്. വിജയത്തോടെ 29 പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഒന്നാമത് എത്തി.

ആദ്യ വിസില്‍ മുതല്‍ റയല്‍ മാഡ്രിഡിനെ ബാഴ്സലോണ വിറപ്പിച്ചു. അതിന്‍റെ ഫലമായി ആറാം മിനിറ്റില്‍ തന്നെ ബാഴ്സലോണ മുന്നിലെത്തി. ചൗമെനായുടെ പ്രതിരോധ പിഴവ് മുതലെടുത്ത്, അലാബയെ കടന്നാണ് ഗുണ്ടോഗന്‍ ബാഴ്സലോണയെ മുന്നില്‍ എത്തിച്ചത്. ബാഴ്സലോണക്കായി തന്‍റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 10 മിനിറ്റിനു ശേഷം ബാഴ്സലോണക്ക് ലീഡ് ഉയര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഫെര്‍മിന്‍ ലോപ്പസിന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി.

രണ്ടാം പകുതിയിലാണ് റയലിന്‍റെ ഗോള്‍ വന്നത്. കമവിംഗയും മോഡ്രിച്ചും എത്തിയതോടെ റയല്‍ ഉണര്‍ന്നു. 68ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നെടുത്ത ഷോട്ട് ടേര്‍ സ്റ്റേഗനെ മറികടന്നു വലയില്‍ എത്തി. മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ ഇരു പോസ്റ്റിലേക്കും ബോളുകള്‍ എത്തി.

ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിലാണ് ജൂഡിന്‍റെ വിജയ ഗോള്‍ വന്നത്. കര്‍വഹാളിന്‍റെ ക്രോസില്‍ മോഡ്രിച്ചിന്‍റെ അസിസ്റ്റില്‍ നിന്നുമാണ് ജൂഡിന്‍റെ ക്ലോസ് റേഞ്ച് ഗോള്‍ വന്നത്.

Previous articleബംഗ്ലാ ആരാധകരുടെ നെഞ്ചിൽ ഡച്ച് പടയുടെ വെള്ളിടി. അവർ വന്നത് ഒരു സാമ്രാജ്യം സൃഷ്ടിക്കാൻ.
Next articleപരിശീലനത്തിനിടെ രോഹിതിന് പരിക്ക്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മുട്ടൻ പണി.