ഇന്നലെയായിരുന്നു സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടക കേരളം പോരാട്ടം. മത്സരത്തിൽ ഗോൾ മഴയായിരുന്നു പെയ്തത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കർണാടക തകർത്തെറിഞ്ഞുകൊണ്ട് കേരളം ഫൈനലിൽ പ്രവേശിച്ചു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കേരള സൂപ്പർ സബ് ജസിൻ്റെ പ്രകടനമായിരുന്നു. പകരക്കാരനായി ഇറങ്ങി അഞ്ചു ഗോളുകൾ ആണ് താരം നേടിയത്. മുപ്പതാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ താരം പത്തുമിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാൻ സാധിക്കാതെ വന്നപ്പോഴാണ് കേരള കോച്ച് ബിനോ ജോർജ്, ജസിനെ കളിക്കളത്തിലേക്ക് പകരക്കാരനായി ഇറക്കിയത്.
എന്തുകൊണ്ടും കോച്ചിൻ്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ കോച്ച് ബിനോ ജോർജ് തങൾക്ക് തന്ന നിർദേശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജസിൻ. എന്തുതന്നെ വന്നാലും അക്രമണ ശൈലി വിടാതെ കളിക്കണം എന്നാണ് കോച്ച് പറഞ്ഞതെന്നും അതാണ് തനിക്ക് ഗോളുകൾ നേടാൻ പ്രചോദനമായതെന്നും താരം പറഞ്ഞു.
ഗോളുകൾ അടിച്ചു കൂട്ടുമ്പോൾ റെക്കോർഡിനെ പറ്റി ചിന്തിച്ചിട്ടില്ല എന്നും താരം പറഞ്ഞു. ആറ് ഗോളുകളോടെ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് താരം. മമ്പാട് എംഇഎസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് താരം. 22 വയസ്സുകാരനായ ജസിൻ കേരള യുണൈറ്റഡ് എഫ്സിയുടെ താരമാണ്. തോണിക്കര വീട്ടിൽ മുഹമ്മദ് നിസാറിൻ്റെയും സുനൈനയുടെയും മകനാണ് ജസിൻ.