അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറിയുമായി അമേരിക്ക. കരുത്തരായ ബംഗ്ലാദേശിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അമേരിക്ക ചരിത്രം രചിച്ചത്. ആവേശകരമായ മത്സരത്തിൽ കോറി ആൻഡേഴ്സന്റെയും ഹർമിറ്റ് സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അമേരിക്കയെ വിജയത്തിൽ എത്തിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇത് അമേരിക്കയുടെ വിജയത്തിൽ പ്രധാനഘടകമായി മാറുകയായിരുന്നു. ബംഗ്ലാദേശ് ഒരിക്കലും മനസ്സിൽ പോലും കാണാത്ത പരാജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. എന്തായാലും ട്വന്റി20 ലോകകപ്പിന് മുൻപ് ശക്തമായ ഒരു സൂചനയാണ് അമേരിക്ക നൽകിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ അമേരിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് അമേരിക്കയ്ക്ക് ബോളർമാർ മത്സരത്തിൽ നൽകിയത്. സ്റ്റീവൻ ടൈലർ കൃത്യമായ സമയത്ത് വിക്കറ്റുകൾ കണ്ടെത്തി. ബംഗ്ലാദേശിന്റെ മുൻനിര ബാറ്റർമാരെ കൃത്യമായ ഇടവേളകളിൽ പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. ബംഗ്ലാദേശിനായി മധ്യനിര ബാറ്റർ ഹൃദോയാണ് മത്സരത്തിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. ഒരു ആങ്കറുടെ റോളിൽ കളിച്ച താരം 47 പന്തുകളിൽ 58 റൺസ് ആണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ മഹ്മൂദുള്ളയും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു.
മത്സരത്തിൽ 22 പന്തുകൾ നേരിട്ട മഹമൂദുള്ള 31 റൺസാണ് നേടിയത്. ഇതോടെ ബംഗ്ലാദേശ് 153 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് അമേരിക്കയ്ക്കായി മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചത് സ്റ്റീവൻ ടൈലറാണ്. 3 ഓവറുകളിൽ കേവലം 9 റൺസ് മാത്രം വിട്ടു നൽകിയ ടൈലർ 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച അമേരിക്കയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ടൈലറും മോനങ്ങ് പട്ടേലും നൽകിയത്. ടൈലർ 29 പന്തുകളിൽ 28 റൺസ് ആണ് നേടിയത്. ഒപ്പം മൂന്നാമനായെത്തിയ ഗോസ് 18 പന്തുകളിൽ 23 റൺസും സ്വന്തമാക്കി.
പക്ഷേ മധ്യ ഓവറുകളിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ബംഗ്ലാദേശിന്റെ ബോളർമാർ കൃത്യമായ ലൈനും ലെങ്തും കണ്ടെത്തിയതോടെ അമേരിക്ക തകരുകയുണ്ടായി. ഇങ്ങനെ 94 റൺസ് എടുക്കുന്നതിനിടെ അമേരിക്കയ്ക്ക് തങ്ങളുടെ 5 വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. പക്ഷേ പിന്നീടാണ് കോറി ആൻഡേഴ്സനും ഹർമീറ്റ് സിങ്ങും ചേർന്ന് വെടിക്കെട്ട് തീര്‍ത്തത്. അവസാന 20 പന്തുകളിൽ 50 റൺസായിരുന്നു അമേരിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് ഹർമീറ്റ് അവസരത്തിനൊത്ത് ഉയരുകയായിരുന്നു. 13 പന്തുകൾ മത്സരത്തിൽ നേരിട്ട ഹർമീറ്റ് രണ്ടു ബൗണ്ടറികളും 3 സിക്സറുകളുമടക്കം 33 റൺസാണ് നേടിയത്. 25 പന്തുകൾ നേരിട്ട ആൻഡേഴ്സൺ 34 റൺസ് നേടി പുറത്താവാതെ നിന്നു. എന്തായാലും അമേരിക്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വലിയ വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.