മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ വളരെ നാണംകെട്ട പരാജയമാണ് ഇന്ത്യൻ ടീമിന് നേരിടേണ്ടി വന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയം സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള 3 മത്സരങ്ങളിലും ഇന്ത്യ മോശം പ്രകടനവുമായി കളം നിറഞ്ഞു. നാലാം മത്സരത്തിൽ 340 റൺസായിരുന്നു അവസാന ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്.
എന്നാൽ ഈ ലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 155 റൺസിൽ അവസാനിച്ചു. 184 റൺസിനാണ് ഇന്ത്യ മത്സരത്തിൽ പരാജയം നേരിട്ടത്. മുൻനിര ബാറ്റർമാർ മോശം പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഇപ്പോൾ.
മത്സരത്തിൽ ഇന്ത്യയ്ക്കായി മുൻനിരയിൽ പിടിച്ചുനിന്നത് യുവതാരമായ ജയസ്വാൾ മാത്രമാണ്. മറ്റെല്ലാ ബാറ്റർമാരും രണ്ടക്കം കാണാൻ പോലും മത്സരത്തിൽ ബുദ്ധിമുട്ടുകയുണ്ടായി. ജയസ്വാൾ മത്സരത്തിൽ 84 റൺസാണ് സ്വന്തമാക്കിയത്. ജയസ്വാൾ ഒഴികെ രണ്ടക്കം കണ്ടെത്തിയ ഇന്ത്യൻ ബാറ്റർ റിഷഭ് പന്ത് ആണ്. നിർണായകമായ സമയത്ത് ഇന്ത്യയുടെ സീനിയർ താരങ്ങൾ പരാജയപ്പെടുന്നത് നാലാം മത്സരത്തിൽ കണ്ടിരുന്നു. നായകൻ രോഹിത് ശർമ 9 റൺസും വിരാട് കോഹ്ലി 5 റൺസുമാണ് മത്സരത്തിൽ നേടിയത്. രാഹുൽ പൂജ്യനായി പുറത്തായി. ഇത്തരത്തിൽ മുൻനിരയുടെ അലംഭാവമാണ് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണമെന്ന് ഗവാസ്കർ ഉറപ്പിച്ചു പറയുന്നു.
“എല്ലാ കാര്യങ്ങളും ആശ്രയിക്കുന്നത് സെലക്ടർമാരെ തന്നെയാണ്. ഇന്ത്യയുടെ മുൻനിര പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നതാണ് വസ്തുത. അവരായിരുന്നു മത്സരത്തിൽ സ്കോർ കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ മുൻനിര പരാജയപ്പെട്ടു. പിന്നീട് വാലറ്റത്തെ കുറ്റപ്പെടുത്തിയത് കൊണ്ട് യാതൊരു കാര്യവുമില്ല. ഇന്ത്യയുടെ മുൻ നിരയിൽ ഉണ്ടായിരുന്ന സീനിയർ താരങ്ങൾ ടീമിന് ആവശ്യമായ സംഭാവന നൽകിയില്ല. ഇതൊക്കെയും ടീമിന്റെ പരാജയത്തിന് വലിയ കാരണമായി മാറി.”- സുനിൽ ഗവാസ്കർ പറയുകയുണ്ടായി.
പന്തും ജയസ്വാളും ക്രീസിലുറച്ച സമയത്ത് ഇന്ത്യ മത്സരത്തിൽ സമനില കണ്ടെത്തും എന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നാണ് ഗവാസ്കർ പറഞ്ഞത്. എന്നാൽ പന്ത് പുറത്തായതോടെ മത്സരം ഓസ്ട്രേലിയയുടെ കൈയിലേക്ക് എത്തുകയായിരുന്നു എന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. മാത്രമല്ല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജയസ്വാളിനെ പുകഴ്ത്തിയാണ് ഗവാസ്കർ സംസാരിച്ചത്. മത്സരത്തിന്റെ നിർണായ ഘട്ടത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിനെ വിമർശിക്കാനും ഗവാസ്കർ മറന്നില്ല. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരം വിജയിച്ചാലെ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലെങ്കിലും എത്തിക്കാൻ സാധിക്കൂ.