ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പരാജയമറിഞ്ഞതോടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണിൽ നിന്ന് പുറത്തായിട്ടുണ്ട്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ പരാജയമായിരുന്നു ചെന്നൈ ബാംഗ്ലൂരിനോട് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 218 എന്ന സ്കോർ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ കേവലം 191 റൺസിന് ചെന്നൈ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. പക്ഷേ ചെന്നൈയ്ക്കായി അവസാന ഓവർ വരെ പൊരുതാൻ മഹേന്ദ്ര സിംഗ് ധോണിയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സാധിച്ചു. എന്നിരുന്നാലും മത്സരത്തിലെ ചെന്നൈയുടെ പരാജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ശിവം ദുബെ അടക്കമുള്ള ബാറ്റർമാരായിരുന്നു. ഇപ്പോൾ മത്സരശേഷം ശിവം ദുബെക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
മത്സരത്തിലെ ചെന്നൈയുടെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത് ദുബെയുടെ മോശം ബാറ്റിംഗ് ആണെന്നും ഇന്ത്യ ലോകകപ്പിൽ ദുബെയെ ടീമിൽ ഉൾപ്പെടുത്താൻ പാടില്ല എന്നുമാണ് ആരാധകർ പറയുന്നത്. മത്സരത്തിൽ ചെന്നൈയുടെ വില്ലനായി മാറിയത് ദുബെ തന്നെയായിരുന്നു. ഇമ്പാക്ട് പ്ലെയറായി അഞ്ചാം നമ്പറിലാണ് ദുബെ ക്രീസിലെത്തിയത്.
പക്ഷേ നിർണായകമായ കുറച്ചധികം പന്തുകൾ ദുബെ നഷ്ടപ്പെടുത്തുകയുണ്ടായി. മത്സരത്തിൽ 15 പന്തുകൾ നേരിട്ട താരം ആകെ നേടിയത് 7 റൺസ് മാത്രമാണ്. 46.66 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു ദുബെയുടെ പ്രകടനം. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ദുബെ ഇത്തരത്തിൽ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഇത്തവണ ചെന്നൈ കാട്ടിയ വലിയ മണ്ടത്തരമായി ഇത് മാറി.
ഒരുപക്ഷേ ദുബെയ്ക്കു പകരം ഇമ്പാക്ട് പ്ലെയറായി സമീർ റിസ്വിയെ ഇറക്കിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. ഐപിഎല്ലിന്റെ ആദ്യപാദത്തിൽ സ്പിന്നർമാർക്കെതിരെ വലിയ രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ട താരമാണ് ദുബെ. ഇക്കാരണം കൊണ്ട് കൂടിയാണ് ചെന്നൈ ദുബെയെ ഇമ്പാക്ട് താരമാക്കി ഇറക്കിയത്. പക്ഷേ തീർത്തും നിരാശപ്പെടുത്തിയ പ്രകടനമാണ് ദുബെ മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിൽ ദുബെ നഷ്ടപ്പെടുത്തിയ പന്തുകൾ ചെന്നൈയെ സംബന്ധിച്ച് വളരെ നിർണായകമായി മാറുകയായിരുന്നു മാത്രമല്ല മികച്ച പ്രകടനം കാഴ്ചവച്ച രചിൻ രവീന്ദ്രയുടെ പുറത്താകലിലും ദുബൈയുടെ മോശം പ്രകടനം ഉണ്ടായിരുന്നു.
നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വില്ലനായി മാറിയ ദുബെയെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായാണ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ താരത്തിന്റെ പ്രകടനം പരിഗണിച്ചായിരുന്നു ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യ ഉൾപ്പെടുത്തിയത്.
പക്ഷേ ലോകകപ്പ് സ്ക്വാഡ് സെലക്ഷന് ശേഷം കളിച്ച കളികളിലൊക്കെയും മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇങ്ങനെയുള്ളപ്പോൾ ദുബെയെ ഇന്ത്യ പുറത്തിരുത്തി, റിങ്കു സിംഗിനെ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ആരാധകർ മുൻപിലേക്ക് വയ്ക്കുന്നത്.