സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. യുവതാരങ്ങളുമായി മൈതാനത്ത് ഇറങ്ങിയ ഇന്ത്യയെ സിംബാബ്വെ ടീം 13 റൺസിന് പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. മത്സരശേഷം വളരെ നിരാശനായാണ് ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയി കാണപ്പെട്ടത്.
എന്നിരുന്നാലും ഇതൊരു തുടക്കം മാത്രമാണെന്നും യുവനിര മികവ് പുലർത്തണമെന്നും ബിഷണോയി വിശ്വസിക്കുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ നൽകിയ പൈതൃകം കാത്തുസൂക്ഷിക്കാൻ യുവനിര തീർച്ചയായും ശ്രമിക്കുമെന്നാണ് ബിഷ്‌ണോയി മത്സരശേഷം പറഞ്ഞത്. ഈ 3 താരങ്ങളും ട്വന്റി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് എന്നും ബിഷണോയി ചൂണ്ടിക്കാട്ടുകയുണ്ടായി.
സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾ ശ്രമിച്ചിരുന്നു എന്ന് ബിഷ്‌ണോയി പറയുകയുണ്ടായി. മത്സരത്തിൽ അരങ്ങേറ്റം കുറിച്ച റിയാൻ പരാഗ്, അഭിഷേക് ശർമ, ധ്രുവ് ജൂറൽ എന്നിവർ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെടുകയുണ്ടായി. ഇതിന് ശേഷം ഇവർക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പക്ഷേ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരു തിരിച്ചുവരവ് വളരെ അനായാസമാണ് എന്ന് ബിഷ്‌ണോയി വിശ്വസിക്കുന്നു. മത്സരത്തിൽ കൂട്ടുകെട്ടുകൾ പിറക്കാതിരുന്നത് തങ്ങൾക്ക് തിരിച്ചടിയായി എന്നാണ് ബിഷണോയി മത്സരശേഷം പറഞ്ഞത്.
“ബാറ്റിംഗിൽ ഞങ്ങൾ തകർന്നടിഞ്ഞു. കൂട്ടുകെട്ടുകൾ പിറക്കാതിരുന്നത് മത്സരത്തിൽ വലിയ വ്യത്യാസമുണ്ടാക്കി. ഒരുപക്ഷേ 20- 30 റൺസ് കൂട്ടുകെട്ടുകൾ മത്സരത്തിൽ ഉണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിൽ കഥ മറ്റൊന്നായേനെ. ഞങ്ങളുടെ സീനിയർ താരങ്ങൾ ഞങ്ങളിലേക്ക് ഉത്തരവാദിത്വം കൈമാറിയിരിക്കുകയാണ്. അതിനാൽ തന്നെ അത് ഏറ്റെടുത്ത് മുൻപോട്ടു പോകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി തന്നെ ഞാൻ കാണുന്നു. അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുക തന്നെ ചെയ്യും.”- ബിഷണോയി കൂട്ടിച്ചേർത്തു.
സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തിൽ തങ്ങൾക്ക് നന്നായി ബോൾ ചെയ്യാൻ സാധിച്ചു എന്ന് മത്സരശേഷം ഇന്ത്യൻ നായകൻ ഗിൽ പറയുകയുണ്ടായി. എന്നാൽ ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ഉണ്ടായ പിഴവുകളാണ് തങ്ങളെ പരാജയത്തിലേക്ക് നയിച്ചത് എന്ന് ഗിൽ കൂട്ടിച്ചേർത്തു. ബാറ്റിംഗിന്റെ ആദ്യ പകുതിയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായത് തങ്ങൾക്ക് തിരിച്ചടിയായി എന്നാണ് നായകൻ പറഞ്ഞത്. മാത്രമല്ല തനിക്ക് മത്സരത്തിന്റെ അവസാന നിമിഷം വരെ ക്രീസിൽ തുടരാൻ സാധിക്കാതെ വന്നതും ടീമിന് തിരിച്ചടി ഉണ്ടാക്കി എന്ന് ഗിൽ പറഞ്ഞുവയ്ക്കുന്നു.