സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ ഹൃദയഭേദകമായ പരാജയത്തിന് വലിയൊരു മറുപടിയാണ് ഇന്ത്യൻ യുവനിര തിരികെ നൽകിയിരിക്കുന്നത്.
അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയും ബോളർമാരുടെ പക്വതയാർന്ന പ്രകടനവുമാണ് മത്സരത്തിൽ ഇന്ത്യയെ കുറ്റൻ വിജയത്തിൽ എത്തിച്ചത്. ഈ വിജയത്തോടെ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ ഗില്ലിന്റെ(2) വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് അഭിഷേക് ശർമയും ഋതുരാജും ക്രീസിലുറച്ച് പതിയെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ വളരെ പതിയെയാണ് ഇരുവരും ബാറ്റ് വീശിയത്.
അഭിഷേക് ശർമ മത്സരത്തിൽ 33 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. പിന്നീട് മധ്യ ഓവറുകളിൽ അടിച്ചു തകർക്കാൻ ഇരുവർക്കും സാധിച്ചു. ഇരുവരും ചേർന്ന് 137 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്. 47 പന്തുകളിൽ നിന്നാണ് അഭിഷേക് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.
അഭിഷേക് പുറത്തായ ശേഷം ഋതുരാജ് ബൗണ്ടറികളുമായി കളം നിറയുകയായിരുന്നു. ഒപ്പം നാലാമനായി ക്രീസിലെത്തിയ റിങ്കു സിംഗും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. 47 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 77 റൺസാണ് ഋതുരാജ് മത്സരത്തിൽ നേടിയത്. റിങ്കു 22 പന്തുകളിൽ 48 റൺസ് നേടി. 2 ബൗണ്ടറികളും 5 സിക്സറുകളും റിങ്കു സിങ്ങിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 234 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്വെയ്ക്ക് ഓപ്പണർ കിയയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.
പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ ബ്രയാൻ ബെനറ്റ് അടിച്ചു തകർക്കാൻ ശ്രമിച്ചു. ആദ്യ പന്തുകളിൽ തന്നെ സിക്സറുകളും ബൗണ്ടറുകളും സ്വന്തമാക്കി ബെനറ്റ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുകയായിരുന്നു. 9 പന്തുകളിൽ 26 റൺസാണ് ബെനറ്റ് മത്സരത്തിൽ നേടിയത്. പക്ഷേ കൃത്യമായി ഇടവേളയിൽ ബെനറ്റിനെ പുറത്താക്കി മുകേഷ് കുമാർ ഇന്ത്യക്ക് മുൻതൂക്കം ഉണ്ടാക്കിയെടുത്തു.
ശേഷം തുടർച്ചയായി സിംബാബ്വെ ബാറ്റർമാരെ പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇതോടെ സിംബാബ്വെ ബാറ്റിംഗ് നിര തകരുകയായിരുന്നു. മത്സരത്തിൽ കേവലം 134 റൺസ് മാത്രമാണ് സിംബാബ്വെയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്.
Rinku Magic spreads in Harare 🔥🏏
— Sony Sports Network (@SonySportsNetwk) July 7, 2024
48* off 22 from the finisher kept us all in awe 😍😮#SonySportsNetwork #ZIMvIND #TeamIndia | @rinkusingh235 pic.twitter.com/4Y92ZNeTxU