രോഹിത്തിന്റെയും കൂട്ടരുടെയും ആ തീരുമാനം മത്സരം മാറ്റിമറിച്ചു. പ്രശംസനീയമെന്ന് സഹീർ ഖാൻ.

ഇന്ത്യയുടെ അഫ്ഗാനെതിരായ മൂന്നാം ട്വന്റി20യിലെ രണ്ടാം സൂപ്പർ ഓവർ രവി ബിഷണോയ്ക്ക് നൽകിയ തീരുമാനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ഇന്ത്യൻ ടീം മത്സരത്തിൽ കൈക്കൊണ്ടതിൽ ഏറ്റവും മികച്ച തീരുമാനം ബിഷണോയ്ക്ക് രണ്ടാം സൂപ്പർ ഓവർ നൽകിയതായിരുന്നു എന്ന് സഹീർ പറയുന്നു.

അത്തരമൊരു സാഹചര്യത്തിൽ ഈ തീരുമാനമെടുക്കാൻ കൂടെ നിന്ന മുഴുവൻ ആളുകളും പ്രശംസ അർഹിക്കുന്നുണ്ട് എന്നാണ് സഹീർ പറയുന്നത്. ഒപ്പം ആ ഓവറിൽ വളരെ മികച്ച രീതിയിൽ ആത്മവിശ്വാസം പുലർത്തി പന്തറിയാൻ ബിഷണോയ്ക്ക്യ്ക്ക് സാധിച്ചുവെന്നും സഹീർ കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഹീർ ഖാൻ.

ravi bishnoi team india

“ആ സമയത്ത് അത് വളരെ സ്മാര്‍ട്ടും ബുദ്ധിപരവുമായ ഒരു തീരുമാനമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്തെന്നാൽ അങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മുൻപിൽ ഒരുപാട് സമയം ഉണ്ടായിരുന്നില്ല. നമ്മൾ നമ്മുടെ ശക്തി കൃത്യമായി തിരിച്ചറിയുകയും, അതിനനുസരിച്ച് ചിന്തിക്കുകയും ചെയ്യണമായിരുന്നു.

അതുകൊണ്ടു തന്നെ ആ തീരുമാനമെടുക്കാൻ ഭാഗമായ മുഴുവൻ ആളുകളും പ്രശംസ അർഹിക്കുന്നുണ്ട്. രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ വളരെ മികച്ച രീതിയിലായിരുന്നു ആരംഭിച്ചത്. ആദ്യ പന്തിൽ ഇന്ത്യ സിക്സർ നേടി. ശേഷം ബാറ്റിങ്ങിലൂടെ തന്നെ അഫ്ഗാനിസ്ഥാനെ ഇന്ത്യ പുറത്താക്കുമെന്ന് നമ്മൾ കരുതി. എന്നാൽ അത് സംഭവിച്ചില്ല. ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാവുകയും 6 പന്തുകൾ പോലും കളിക്കാൻ സാധിക്കാതെ വരികയും ചെയ്തു.”- സഹീർ പറയുന്നു.

“ഇത്തരമൊരു സാഹചര്യത്തിന് ശേഷം ഇന്ത്യ വളരെ വലിയൊരു തീരുമാനം തന്നെയായിരുന്നു കൈകൊള്ളേണ്ടിയിരുന്നത്. ആര് പന്തെറിയണം എന്ന് ഇന്ത്യ തീരുമാനിക്കേണ്ടിയിരുന്നു. ആ തീരുമാനം വളരെ നന്നായി എടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. എന്തെന്നാൽ ഇത്തരം ഓവറുകളിൽ അനായാസം 12 റൺസ് സ്വന്തമാക്കാൻ ബാറ്റർമാർക്ക് സാധിക്കും. കാരണം അത്രമാത്രം സമ്മർദ്ദത്തിലാവും ബോളർമാർ മത്സരത്തെ നോക്കി കാണുക.”- സഹീർ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം സൂപ്പർ ഓവറിലെ പ്രകടനത്തിന് ബിഷണോയി അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് എന്നും സഹീർ പറഞ്ഞു. “രവി ബിഷണോയി ബോളിംഗ് ക്രീസിലേക്ക് എത്തിയ രീതിയും, ബോളിംഗ് ആരംഭിച്ച രീതിയും, 2 വിക്കറ്റുകൾ സ്വന്തമാക്കിയ രീതിയും വളരെയധികം പ്രശംസകൾ അർഹിക്കുന്നു. കാരണം സൂപ്പർ ഓവറിൽ അത്രമേൽ സമ്മർദ്ദ സാഹചര്യത്തിലാണ് ബിഷണോയി ബോൾ ചെയ്തത്. അയാൾ അയാളുടെ ആത്മവിശ്വാസം മത്സരത്തിൽ കാട്ടി.”

“ആ ഓവറിൽ വളരെ ശാന്തനായാണ് ബിഷണോയി കാണപ്പെട്ടത്. അതൊരു വലിയ കാര്യം തന്നെയാണ്. മാത്രമല്ല ബിഷണോയിക്ക് ബോൾ നൽകാൻ തീരുമാനമെടുത്ത മുഴുവൻ അംഗങ്ങളും പ്രശംസ അർഹിക്കുന്നു.”- സഹീർ പറഞ്ഞു വെക്കുന്നു.

Previous articleറിങ്കുവിന്റെ പക്വതയും ശാന്തതയും അത്ഭുതപെടുത്തുന്നു. കരിയറിന് ഗംഭീര തുടക്കമെന്ന് രാഹുൽ ദ്രാവിഡ്‌.
Next articleറിങ്കു ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ്. വമ്പൻ പ്രവചനവുമായി മുഹമ്മദ്‌ ആമിർ.