ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ഇപ്പോൾ ദുഃഖവാർത്തകളാണ് സമ്മാനിക്കുന്നത്. ഏകദിന, ടി :20 പരമ്പരകൾ ആവസാനിച്ചെങ്കിലും ടീം ഇന്ത്യയെ വീണ്ടും പിന്തുടരുകയാണ് കോവിഡ് വ്യാപന ഭീഷണി.രണ്ടാം ടി :20 മത്സരത്തിന് മുൻപ് സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്ക് കോവിഡ് രോഗബാധ സ്ഥിതീകരിച്ചത് ക്രിക്കറ്റ് ആരാധകർക്കും ടീം മാനേജ്മെന്റിനും കനത്ത തിരിച്ചടി സമ്മാനിച്ചപ്പോൾ അവസാന രണ്ട് ടി :20 മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും കൃനാൾ പാണ്ട്യയും അദ്ദേഹവുമായി വളരെ ഏറെ അടുത്ത സമ്പർക്കത്തിൽ വന്ന എട്ട് പ്രമുഖ താരങ്ങളെയും ഒഴിവാക്കേണ്ട ഒരു അവസ്ഥയും വന്നിരിന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സ്‌ക്വാഡിലെ മറ്റ് രണ്ട് താരങ്ങൾക്കാണ് പുതിയതായി കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന ലെഗ്സ്പിന്നർ യൂസ്വേന്ദ്ര ചാഹലിനും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനുമാണ് കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനകളിൽ രോഗം റിപ്പോർട്ട് ചെയ്തത്.കൃനാൾ പാണ്ട്യയുടെ അടുത്ത സമ്പർക്ക പട്ടികയിൽ ഇടം നേടിയ രണ്ട് താരങ്ങളും നിലവിൽ ഐസൊലേഷനിൽ തന്നെയാണ്. ഇന്ത്യൻ താരങ്ങളെ എല്ലാം വിശദമായി നിരീക്ഷിക്കുന്നുണ്ട് എന്ന് വിശദമാക്കിയ ബിസിസിഐ പക്ഷേ ആശങ്കപെടുവാൻ നിലവിൽ ഒന്നും ഇല്ല എന്നും വ്യക്തമാക്കി. കൃഷ്ണപ്പ ഗൗതം, പൃഥി ഷാ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ട്യ, യൂസ്വേന്ദ്ര ചാഹൽ, ദീപക് ചഹാർ, ഇഷാൻ കിഷൻ എന്നിവരും നിലവിൽ ഐസൊലേഷനിലാണ്
എന്നാൽ കോവിഡ് ബാധിതരായ കൃനാൾ പാണ്ട്യ, കൃഷ്ണപ്പ ഗൗതം, ചാഹൽ എന്നിവർ ഉടനടി ഇന്ത്യയിലേക്ക് മടങ്ങില്ല എന്നാണ് സൂചനകൾ. ഇന്ത്യൻ ടീമിലെ മറ്റുള്ള താരങ്ങളും കോച്ച് രാഹുൽ ദ്രാവിഡും പരിശോധനകൾക്ക് എല്ലാം ശേഷം വീണ്ടും നാട്ടിലേക്ക് എത്തിയാലും കോവിഡ് ബാധിതരായ ഇവർ മൂവരും ലങ്കയിൽ ചികിത്സകൾ പൂർത്തിയാക്കി മടങ്ങുവാനാണ് സാധ്യതകൾ.
അതേസമയം വരാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിനേതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിലേക്ക് സെലക്ട് ചെയ്യപ്പെട്ട സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്ര എപ്പോൾ ഉണ്ടാകുമെന്നതിൽ പക്ഷേ ഇതുവരെ ബിസിസിഐ നിലപാട് വിശദമാക്കിയിട്ടില്ല.