ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിംഗ് ധോണിക്ക് നൽകിയ പിന്തുണ താൻ അടക്കമുള്ളവർക്ക് ലഭിച്ചില്ല എന്ന് യുവരാജ് സിങ്. 2014 ടി 20 ലോകകപ്പിൽ ഫൈനലിൽ താൻ സ്വയം ഔട്ട് ആവാൻ പോലും ശ്രമിച്ചിരുന്നുവെന്നും തനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും യുവരാജ് തുറന്നു പറഞ്ഞു. ആ സമയത്ത് തനിക്ക് ആരും വേണ്ടത്ര പിന്തുണ തന്നില്ല എന്ന് യുവരാജ് പറഞ്ഞു.
“2014 ടി20 ലോകകപ്പിൽ എനിക്ക് ആത്മവിശ്വാസം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ ടീമിൽ നിന്നും പുറത്തായേക്കാം എന്ന അന്തരീക്ഷം ആ സമയത്ത് നിലനിന്നിരുന്നു. ഇതൊരു എക്സ്ക്യൂസല്ല. പക്ഷേ ടീമിൽ നിന്നും വേണ്ടത്ര പിന്തുണ എനിക്ക് ലഭിച്ചില്ല. ഫൈനൽ മത്സരത്തിൽ റൺസ് കണ്ടെത്തുവാൻ എനിക്ക് സാധിച്ചില്ല.
ഓഫ് സ്പിന്നർക്കെതിരെ ഞാൻ ഷോട്ടുകൾക്ക് ശ്രമിച്ചുവെങ്കിലും എല്ലാം ഡോട്ടായി മാറുകയായിരുന്നു. സ്വയം ഔട്ടാവാൻ പോലും ഞാൻ ശ്രമിച്ചു, എനിക്കതിനും കഴിഞ്ഞില്ല. എൻ്റെ കരിയർ അതോടെ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. എനിക്കും ആ തോന്നലുണ്ടായി. അതാണ് ജീവിതം നിങ്ങളത് അംഗീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ വിജയങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പരാജയങ്ങളും അംഗീകരിക്കേണ്ടതുണ്ട്.
തീർച്ചയായും പരിശീലകൻ്റെയും ക്യാപ്റ്റൻ്റെയും പിന്തുണ ഒരു കളിക്കാരനെ സഹായിക്കും. എം എസ് ധോണിയുടെ കരിയറിൻ്റെ അവസാന ഘട്ടത്തിലേക്ക് നോക്കൂ. വിരാടിൽ നിന്നും രവി ശാസ്ത്രിയിൽ നിന്നും വളരെയേറെ പിന്തുണ ധോണിക്ക് ലഭിച്ചു. ലോകകപ്പിലും അവനെ കളിപ്പിച്ചു. 350 ലധികം മത്സരങ്ങൾ അവൻ കളിച്ചു. അതുകൊണ്ട് തന്നെ പിന്തുണ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാവർക്കും പിന്തുണ ലഭിക്കില്ല.
ഹർഭജൻ സിങ്, വീരേന്ദർ സെവാഗ്, വി വി എസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, അടക്കമുള്ള വലിയ കളിക്കാർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. ബാറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ തലയ്ക്ക് മുൻപിൽ ഒരു കോടാലി തൂങ്ങികിടക്കുകയാണ്, പിന്നെങ്ങനെയാണ് ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുക. ഞാൻ ഒഴിവുകഴിവുകൾ പറയുകയല്ല. എന്നാൽ 2011 മുതലുള്ള ഇന്ത്യൻ ടീമിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്.”- യുവരാജ് പറഞ്ഞു.