ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട രണ്ട് ക്രിക്കറ്റർമാരാണ് ധോണിയും യുവരാജ് സിംഗും. ഏറെക്കാലം ഇന്ത്യൻ ടീമിൽ മികവാർന്ന പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞാടിയ പാരമ്പര്യം ഇരുവർക്കുമുണ്ട്. 2007ലെ ട്വന്റി20 ലോകകപ്പും, 2011ലെ 50 ഓവർ ലോകകപ്പും ഇന്ത്യയിലെത്താൻ പ്രധാന കാരണമായത് ഈ ഇതിഹാസ ബാറ്റർമാരായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടുകയാണ് മുൻ ശ്രീലങ്കൻ താരം റസൽ അർനോൾഡ്. ഒരേസമയം പ്രതിരോധാത്മകമായും ആക്രമണപരമായും കളിക്കാൻ സാധിക്കുന്ന ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് ധോണിയെന്നും, ഇക്കാര്യത്തിൽ യുവരാജ് അല്പം പിന്നിലാണെന്നും റസൽ അർനോൾഡ് പറയുകയുണ്ടായി.
“രണ്ടു തരത്തിലും കളിക്കാൻ ധോണിക്ക് സാധിക്കും. അങ്ങനെ സാധിക്കുന്ന ചുരുക്കം ചില ക്രിക്കറ്റർമാരെ ഉള്ളൂ. സമ്മർദ്ദം ഉൾക്കൊള്ളേണ്ട സമയത്ത് ധോണി അത് കൃത്യമായി ചെയ്യും. എന്റെയും ശക്തി അതായിരുന്നു. പക്ഷേ സ്ഥിരതയോടെ ബൗണ്ടറികൾ നേടാനും 15 റൺസ് വീതം ഓവറിൽ നേടാനും എനിക്ക് സാധിക്കുമായിരുന്നില്ല. ഓരോവറിൽ എട്ടോ പത്തോ റൺസ് മതിയെങ്കിൽ ഞാൻ അതിനായി പരമാവധി ശ്രമിക്കും. എന്നാൽ ഓവറുകളിൽ പതിനഞ്ചോ ഇരുപതോ റൺസ് വേണമെങ്കിലും ധോണി വമ്പൻഷോട്ടുകൾ കണ്ടെത്തി സ്ഥിരതയോടെ അത് നേടാറുണ്ടായിരുന്നു.”- അർനോൾഡ് പറയുന്നു.
ഇതോടൊപ്പം യുവരാജിന് ഈ കഴിവില്ലെന്നും അർനോൾഡ് പറയുകയുണ്ടായി. “ധോണിയെ പോലെ ഇത്തരത്തിൽ രണ്ടു രീതിയിലും കളിക്കാൻ യുവരാജിന് സാധിക്കില്ല. ഒരുപാട് കളിക്കാർക്ക് സാധിക്കുന്ന കാര്യമല്ല അത്. യുവരാജിനെ പോലെ വെടിക്കെട്ട് നടത്തി ബൗണ്ടറികൾ നേടുന്നവരുണ്ട്. എന്നാൽ സമ്മർദ്ദ സാഹചര്യങ്ങളിൽ നന്നായി കളിക്കാനോ ധോണിയെ പോലെ കളിക്കാനൊ യുവരാജിന് സാധിച്ചിരുന്നില്ല. സാധാരണ സാഹചര്യങ്ങളിൽ ആക്രമിക്കുന്നതാണ് യുവിയുടെ ശക്തി. എന്നാൽ ധോണി ഏത് സാഹചര്യത്തിലും മികച്ചു നിന്നിരുന്നു. പ്രതിരോധവും ആക്രമണവും അയാൾക്ക് ഏറെ എളുപ്പമായിരുന്നു.”- അർനോൾഡ് കൂട്ടിച്ചേർക്കുന്നു.
2019 ൽ യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, 2020 ലാണ് ധോണി വിരമിച്ചത്. ഇന്ത്യക്കായി ഇരുവരും വലിയ സംഭാവനകൾ തന്നെ നൽകുകയുണ്ടായി. ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ കാലഘട്ടമായിരുന്നു ഇത്.