റിഷബ് പന്തിന് ഇന്ത്യൻ സെലക്ടർമാർ പിന്തുണ നൽകണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിംഗ്. ഭാവി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിലാണ് പിന്തുണ നൽകേണ്ടത് എന്നാണ് യുവരാജ് അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ താരം പന്ത് ആണെന്നാണ് യുവരാജ് പറയുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരത്തിനു സമാനമായി യുവരാജ് ചൂണ്ടിക്കാണിച്ചത് എം എസ് ധോണിയുടെ മാതൃകയായിരുന്നു.
“ഒരാളെ സജ്ജനാക്കി നിർത്തുക എന്നത് അനിവാര്യമായ കാര്യമാണ്. ശൂന്യതയിൽ നിന്നല്ലേ ധോണി വന്നത്, ധോണിയെ അവർ ക്യാപ്റ്റനാക്കിയില്ലേ, പിന്നീടായിരുന്നു ധോണിയുടെ പരിണാമം.ഒരു വിക്കറ്റ് കീപ്പർ നന്നായി ചിന്തിക്കുന്ന ആളായിരിക്കും. കാരണം ഗ്രൗണ്ടിനെ ഏറ്റവും നന്നായി നോക്കിക്കാണാനാകുന്നത് വിക്കറ്റ് കീപ്പർക്കാണ്.
ഭാവി ക്യാപ്റ്റനായി ഒരു യുവതാരത്തെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അയാൾക്ക് കുറച്ചു സമയം നൽകണം. ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ അദ്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്. യുവാക്കളെ വിശ്വാസത്തിൽ എടുക്കുക എന്നതേ രക്ഷയുള്ളൂ.
പന്തിന്റെ പ്രായത്തിൽ എനിക്കും ചിന്ത കുറവായിരുന്നു. അതേ പ്രായത്തിൽ ക്യാപ്റ്റനായി നിയമിതനായപ്പോൾ കോഹ്ലിക്കും പക്വത കുറവായിരുന്നു. പക്ഷേ, പന്ത് മെച്ചപ്പെട്ടുവരുന്നുണ്ട്. ടെസ്റ്റിൽ പന്ത് ഇതിനകം തന്നെ 4 സെഞ്ചറികൾ നേടിക്കഴിഞ്ഞു.ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ആരാണ് എന്ന കാര്യം എടുത്താൽ, പന്ത് ഭാവിയിൽ ഇതിഹാസമായേക്കാൻ പോലും സാധ്യതയുണ്ട്.”- യുവരാജ് പറഞ്ഞു.
2007 ഏകദിന ലോകകപ്പിനു ശേഷം ആണ് ധോണി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. പിന്നീട് രണ്ടു വർഷത്തിനു ശേഷം അനിൽ കുംബ്ലെയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായും താരത്തിനെ നിയോഗിച്ചു.