ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ്ണ പരാജയമായി മാറിയ സൂര്യ കുമാർ യാദവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റിൽ എല്ലാ താരങ്ങളും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും സൂര്യകുമാർ യാദവ് ശക്തമായി തിരിച്ചുവരും എന്നാണ് യുവരാജ് പറഞ്ഞത്.
“ഇത്തരം പ്രതിസന്ധിഘട്ടത്തിലൂടെ എല്ലാ താരങ്ങളും കടന്നു പോയിട്ടുണ്ട്. സൂര്യകുമാർ ശക്തമായി തിരിച്ചുവരും. ലോകകപ്പിൽ മുംബൈ താരം സുപ്രധാന പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷ.”-യുവരാജ് പറഞ്ഞു. ട്വന്റി-ട്വന്റിയിൽ ഒന്നാമനായ സൂര്യകുമാർ യാദവ് ഏകദിനത്തിൽ ഇതുവരെയും പ്രതീക്ഷകൾക്ക് ഉയർന്നിട്ടില്ല. നേരിട്ട ആദ്യ പന്തിലാണ് ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും സൂര്യകുമാർ യാദവ് റൺസുകൾ ഒന്നും എടുക്കാതെ പുറത്തായത്.
സൂര്യ കുമാർ യാദവിനെ ഒഴിവാക്കി പകരം ഏകദിനത്തിൽ മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്തണം എന്നാണ് ഒട്ടുമിക്കപേരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യം ഉന്നയിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങൾ അടക്കം ഏകദിനത്തിൽ ഇതുവരെയും ക്ലച്ച് പിടിക്കാത്ത സൂര്യകുമാർ യാദവിന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും നായകൻ രോഹിത് ശർമയും ശക്തമായ പിന്തുണയാണ് നൽകുന്നത്. യുവരാജ് സിംഗ് ഒരു കാലത്ത് ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന നാലാം നമ്പറിലാണ് സൂര്യകുമാർ യാദവ് കളിക്കുന്നത്.
ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ടു മത്സരങ്ങളിലും നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. മൂന്നാമത്തെ മത്സരത്തിൽ ഫിനിഷറായി ഏഴാമനായി ഇറക്കിയപ്പോൾ ആഷ്‌ടൺ അഗറിന് മുന്നിൽ സൂര്യ വീണു. ഏകദിനത്തിൽ 21 ഇന്നിങ്സുകളിൽ നിന്നും വെറും രണ്ട് അർദ്ധ സെഞ്ച്വറികൾ മാത്രമാണ് സൂര്യകുമാർ യാദവിനുള്ളത്. 24.6 ശരാശരിയിൽ 433 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.