2025 ചാമ്പ്യൻസ് ട്രോഫി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പാകിസ്ഥാനിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതേവരെ സൂചനകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ഇന്ത്യ പാക്കിസ്ഥാൻ മണ്ണിൽ മത്സരത്തിനിറങ്ങിയിട്ട് വർഷങ്ങളായി.
ഇപ്പോഴും ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ 2025 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ സാധ്യതകൾ വളരെ കുറവാണ്. പക്ഷേ ഇന്ത്യൻ ടീമിനെയും സൂപ്പർതാരം വിരാട് കോഹ്ലിയെയും തങ്ങളുടെ മണ്ണിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം യൂനിസ് ഖാൻ. കോഹ്ലി പാകിസ്ഥാൻ സന്ദർശിക്കണമെന്നും ചാമ്പ്യൻസ് ട്രോഫിയിൽ മികവ് പുലർത്തണമെന്നും യൂനിസ് പറയുകയുണ്ടായി.
കോഹ്ലിയുടെ മികച്ച കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു നാഴികക്കല്ല് പാക്കിസ്ഥാനിൽ കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് എന്ന് യൂനിസ് പറഞ്ഞു. 2006ലെ ഇന്ത്യയുടെ അണ്ടർ 19 ടീമിന് വേണ്ടിയായിരുന്നു കോഹ്ലി അവസാനമായി പാക്കിസ്ഥാൻ മണ്ണിൽ കളിച്ചത്. പിന്നീട് അതിനുള്ള അവസരം കോഹ്ലിക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ദേശീയ ടീമിനായി ഇതുവരെയും കോഹ്ലി പാക്കിസ്ഥാൻ മണ്ണിൽ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂനിസ് ഖാന്റെ പരാമർശം. കോഹ്ലി പാകിസ്ഥാനിൽ കളിക്കണമെന്നത് തങ്ങളുടെ കൂടി ആഗ്രഹമാണ് എന്ന് യൂനിസ് പറയുകയുണ്ടായി.
“2025 ചാമ്പ്യൻസ് ട്രോഫിക്കായി വിരാട് കോഹ്ലി പാകിസ്ഥാനിൽ എത്തണം എന്നതാണ് എന്റെ താൽപ്പര്യം. അത് ഒരു ആഗ്രഹം കൂടിയാണ്. കോഹ്ലിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു ലക്ഷ്യം പാകിസ്ഥാനിൽ എത്തുകയും മികച്ച പ്രകടനം പുറത്തെടുക്കുകയുമാണ്.”- യൂനിസ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. 2012ന് ശേഷം പാക്കിസ്ഥാനൊപ്പം ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കാൻ പോലും ഇന്ത്യൻ ടീം തയ്യാറായിട്ടില്ല. 2007 ലെ ഇന്ത്യയുടെ പാക്കിസ്ഥാൻ പര്യടനത്തിന് ശേഷം ഒരു ടെസ്റ്റ് പരമ്പര പോലും ഇരുരാജ്യങ്ങളും തമ്മിൽ കളിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ സന്നദ്ധരായില്ലെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു രാജ്യത്തെ നിശ്ചയിക്കാൻ സാധ്യതകളുണ്ട്. കഴിഞ്ഞ ഏഷ്യകപ്പ് ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ ആയിരുന്നു നടന്നത്. എന്നാൽ ഇത്തരത്തിൽ ചാമ്പ്യൻസ് ട്രോഫി കളിക്കുന്നതിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത് വരികയുണ്ടായി. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങളിൽ ലാഹോറിൽ വച്ച് തന്നെ നടത്തണമെന്ന നിർദ്ദേശമാണ് പാക്കിസ്ഥാൻ മുൻപോട്ട് വച്ചിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ത്യയുടെ കേന്ദ്ര സർക്കാരിന്റെയാണ്.