ജസ്പ്രീത് ബുംറയുടെ അഭാവം ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സാരമായി ബാധിക്കുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാൻ. ടീമിലെ മാച്ച് വിന്നർമാരിൽ ഒരാളായ ജസ്പ്രീത് ബുംറ പരിക്കേറ്റതിനാലാണ് ടൂർണമെന്റിൽ നിന്നും പുറത്തായത്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറാൻ കഴിയാതെ പാക്കിസ്ഥാന്റെ പ്രധാന പേസർ ഷഹീൻ അഫ്രീദിയും 2022 ലെ ഏഷ്യാ കപ്പിൽ നിന്ന് പുറത്താണ്.
ഞായറാഴ്ച ദുബായിൽ വെച്ചാണ് എല്ലാവരും കാത്തിരിക്കുന്ന പോരാട്ടം. ബുംറയുടെ ലഭ്യതയില്ലായ്മയെക്കുറിച്ചുള്ള തന്റെ ചിന്തകൾ ടെലിഗ്രാഫിനോട് മുന്‍ പാക്ക് താരം യൂനിസ് ഖാന്‍ പങ്കുവച്ചു
“ബുംറയുടെ അഭാവം പാകിസ്ഥാന്റെ നേട്ടമെന്നതിനേക്കാള്‍ ഉപരി, ഇന്ത്യയെ കൂടുതൽ ബാധിക്കുമെന്ന് ഞാൻ കരുതുന്നു. അവരുടെ മാച്ച് വിന്നർമാരിൽ ഒരാളെയാണ് അവർക്ക് നഷ്ടമാകുന്നത് ” മുന്‍ താരം പറഞ്ഞു. ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം ദുബായിൽ ഒരുങ്ങുമ്പോൾ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് ജസ്പ്രീത് ബുംറ.
ഇരുടീമുകളുടെയും കഴിവുകൾ താരതമ്യപ്പെടുത്തുമ്പോൾ, പാകിസ്ഥാൻ മികച്ച ടോപ്പ് ഓർഡർ ഉള്ളപ്പോൾ, ഡെത്തില്‍ ഇന്ത്യയുടെ ബിഗ് ഹിറ്റിംഗ് കഴിവ് അവർക്ക് ഒരു നേട്ടം നൽകുന്നുവെന്ന് യൂനിസ് പറഞ്ഞു. അവന് പറഞ്ഞു:
“ഇരു ടീമിലെയും ബാറ്റ്സ്മാൻമാരുടെ ലോവർ ഓർഡർ ബാറ്റിംഗും ഫിനിഷിംഗ് കഴിവുകളും വിശകലനം ചെയ്താൽ, ഇന്ത്യക്ക് ഒരു മുൻതൂക്കമുണ്ട്. പാക്കിസ്ഥാന് മികച്ച ടോപ്പ് ഓർഡർ ഉണ്ട്, എന്നാൽ അവരുടെ ലോവർ ഓർഡറിന് ഇന്ത്യയെ അപേക്ഷിച്ച് ഫിനിഷർമാരോ ഹാർഡ് ഹിറ്ററുകളോ കുറവാണ്.
ഉയർന്ന സമ്മർദ്ദമുള്ള ഇന്ത്യ-പാക് പോരാട്ടത്തിൽ വിജയം ആസ്വദിക്കാൻ ഒരു ടീമിന് ഔട്ട് ഓഫ് ദി ബോക്സ് ആശയങ്ങൾ അനിവാര്യമാണെന്നും 44 കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം വിശദീകരിച്ചു:
“ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ വെറും ബാറ്റും പന്തും തമ്മിലുള്ള മത്സരമല്ല, അതിനപ്പുറമാണ്. ബോക്‌സിന് പുറത്ത് എന്തെങ്കിലും ചിന്തിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവൻ ആ ദിവസം വിജയിയായി മാറുന്നു ” അദ്ദേഹം പറഞ്ഞു നിര്‍ത്തി