ടെസ്റ്റ് ക്രിക്കറ്റ് എന്നും നിലനിർത്തുന്ന ഒരു പ്രതിരോധാത്മക മനോഭാവമുണ്ട്. മൈതാനത്തെ കളിക്കാരുടെ ക്ഷമ അങ്ങേയറ്റം പരീക്ഷിക്കുന്ന ഫോർമാറ്റ് തന്നെയാണ് ടെസ്റ്റ്. എന്നാൽ അതിൽ മാറ്റം വരുത്തുന്ന ഒരു സമീപനമാണ് സമീപകാലത്ത് ഇംഗ്ലണ്ട് കൈകൊണ്ടിരിക്കുന്നത്. ബാസ്ബോൾ എന്ന പേരിൽ ആക്രമണപരമായ സമീപനമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് സ്വീകരിച്ചിട്ടുള്ളത്. ഈ സമീപനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ സ്പിന്നൽ രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ. ചില സാഹചര്യങ്ങളിൽ ബാസ്സ്ബോൾ സമീപനം പരാജയമാവാൻ സാധ്യതകളേറെയാണ് എന്ന് അശ്വിൻ പറയുന്നു.
“ഇപ്പോൾ നമുക്ക് ബാസ്സ് ബോൾ എന്ന പേരിൽ ഒരു പുതിയതരം മനോഭാവമുണ്ട്. ഇംഗ്ലണ്ട് ഇപ്പോൾ ഇത്തരത്തിൽ ആക്രമണപരമായ രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. അവർ തങ്ങൾക്കായി ഒരു പ്രത്യേക രീതി തന്നെ കണ്ടെത്തിയിരിക്കുന്നു. എന്നാൽ ചില പ്രത്യേകതരം വിക്കറ്റുകളിൽ നമ്മൾ എല്ലാ പന്തിലും ആക്രമിച്ചാൽ പരാജയപ്പെടുക തന്നെ ചെയ്യും. അതിനാൽ ഈ സമീപനത്തിന് ഗുണങ്ങളും ദോഷങ്ങളും നിലനിൽക്കുന്നുണ്ട്.”- അശ്വിൻ പറയുന്നു.
“പ്രതിരോധിച്ച് കളിച്ച് 100 റൺസിന് ഓൾഔട്ട് ആവുന്നതിലും നല്ലതല്ലേ അടിച്ചു തകർത്ത് 140 റൺസിന് ഓളൗട്ട് ആവുന്നത് എന്ന് ചിലർ ചോദിക്കാറുണ്ട്. എന്നാൽ നമ്മുടെ സമീപനം പ്രാവർത്തികമാകുമോ എന്നതും മൈതാനത്തെത്തിയ ശേഷമേ പറയാൻ സാധിക്കൂ. ചില സമയങ്ങളിൽ നമ്മൾ പിച്ചിന്റെ സാഹചര്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. നമ്മൾ പിച്ചിനെ ബഹുമാനിക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്താൽ പിച്ചു നമ്മളെ ബഹുമാനിക്കും. അത്തരത്തിൽ പിച്ചിനെ ബഹുമാനിച്ചാൽ അതിന്റെ ഫലം നമുക്ക് ലഭിക്കും.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനങ്ങളാണ് അശ്വിൻ കാഴ്ചവച്ചത്. മാർച്ച് ഒന്നിനാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.