“മുമ്പിൽ വരുന്ന ബോൾ എല്ലാം അടിച്ചുതകർക്കണം, ഈ ഫ്രാഞ്ചൈസി അങ്ങനെയാണ്”- അഭിഷേക് നൽകിയ നിർദേശം വെളിപ്പെടുത്തി കിഷൻ.

തന്റെ പുതിയ ഫ്രാഞ്ചൈസിയായ ഹൈദരാബാദ് സൺറൈസേഴ്സിനായി ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ യുവതാരം ഇഷാൻ കിഷന് സാധിച്ചു. ഇത്തവണത്തെ മെഗാ ലേലത്തിൽ 11.25 കോടി രൂപയ്ക്കായിരുന്നു ഇഷാൻ കിഷനെ ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 45 പന്തുകളിൽ സെഞ്ച്വറി നേടിയാണ് ഇഷാൻ തന്റെ വരവ് അറിയിച്ചത്.

ഹൈദരാബാദ് ടീമിലേക്ക് എത്തിയതിന് ശേഷം ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായ അഭിഷേക് ശർമയുമായി നടത്തിയ ഫോൺ കോളിനെ സംബന്ധിച്ചാണ് ഇപ്പോൾ ഇഷാൻ കിഷൻ തുറന്നു പറഞ്ഞിരിക്കുന്നത്. ഏത് തരത്തിൽ ടീമിൽ കളിക്കണമെന്ന കാര്യത്തിൽ അഭിഷേക് ശർമ നൽകിയ മറുപടിയെ പറ്റി കിഷൻ പറയുന്നു.

മുൻപിലെത്തുന്ന എല്ലാ ബോളുകളിലും വമ്പൻ ഷോട്ടുകൾ കളിക്കാനാണ് അഭിഷേക് ശർമ തന്നോട് പറഞ്ഞത് എന്ന് ഇഷാൻ കിഷൻ തുറന്നു പറയുകയുണ്ടായി. “ഹൈദരാബാദ് ടീമിൽ എത്തിയശേഷം ഞാൻ ഉടനെ തന്നെ അഭിഷേകിനെ വിളിച്ചു. ഞാൻ ഇങ്ങനെയാണ് അവനോട് ചോദിച്ചത്. ‘എല്ലാ ബോളിലും ഷോട്ടുകൾ കളിക്കാനാണോ ഞാൻ ശ്രമിക്കേണ്ടത്?’. അഭിഷേകിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അതെ, അതാണ് താങ്കളുടെ ജോലി. എല്ലാ ബോളുകളിലും ഷോട്ടുകൾ കളിക്കുക, ഈ ടീമിൽ പരമാവധി ആസ്വദിക്കുക.’ അന്ന് അഭിഷേക് പറഞ്ഞ ഇക്കാര്യം എനിക്ക് ഇവിടെ വന്നപ്പോൾ കൃത്യമായി ബോധ്യപ്പെട്ടു. എന്നോട് കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാൻ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചു. ബോൾ മുൻപിലെത്തിയാൽ ആക്രമിക്കുക എന്നതാണ് ടീം പറഞ്ഞുതന്നത്. ഈ ടൂർണമെന്റിൽ പൂർണ്ണമായും ആ രീതിയിൽ മുന്നോട്ടു പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നതും.”- ഇഷാൻ കിഷൻ പറഞ്ഞു.

രാജസ്ഥാനെതിരായ മത്സരത്തിൽ 47 പന്തുകളിൽ 106 റൺസായിരുന്നു ഇഷാൻ കിഷൻ സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ശേഷം ഒരു ഫ്ലൈയിംഗ് കിസ്സോടെയാണ് ഇഷാൻ കിഷൻ ആഘോഷത്തിൽ ഏർപ്പെട്ടത്. ഇതേ സംബന്ധിച്ച് താരം വ്യക്തമാക്കുകയുണ്ടായി. “ആ ഫ്ലൈയിങ് കിസ് ഞാൻ നൽകിയത് എന്നെ സ്നേഹിക്കുന്ന കുറച്ചധികം ആളുകൾക്കാണ്. അവർ ഗ്യാലറിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം എനിക്ക് മോശം സമയങ്ങൾ ഉണ്ടായപ്പോൾ അവരൊക്കെയും എന്നെ പിന്തുണച്ചവരാണ്.”- കിഷൻ കൂട്ടിച്ചേർത്തു.

“എന്നിരുന്നാലും ഞാനിപ്പോൾ എന്റെ മോശം സമയത്തേ പറ്റിയോ മോശം നിമിഷങ്ങളെ പറ്റിയോ ആലോചിക്കുന്നില്ല. എന്താണ് മുൻപിലേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്താറുള്ളത്. നെഗറ്റീവ് കാര്യങ്ങളെയൊക്കെയും മാറ്റിനിർത്തി മുന്നോട്ടു പോവുക എന്നതാണ് എന്റെ ലക്ഷ്യം. ഐപിഎൽ മുൻപിലേക്ക് എത്തിയിരിക്കുകയാണ്. കുറച്ചു നല്ല ബോളർമാരെ നേരിടേണ്ടി വരുമെന്നും എനിക്ക് അറിയാം. അതിനായുള്ള കഠിനത്തിൽ ഏർപ്പെടുക എന്നതാണ് ഞാനിപ്പോൾ ചെയ്യുന്നത്.”- ഇഷാൻ കിഷൻ പറഞ്ഞുവെക്കുകയുണ്ടായി.

Previous article“വിഘ്നേഷ് പുത്തൂർ ബിഷൻ ബേദിയെയും പ്രസന്നയെയും പോലെയൊരു ബോളർ”, കാരണം പറഞ്ഞ് മുൻ താരം.