ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന്റെ ക്രെഡിറ്റ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് നൽകി മലയാളി താരം സഞ്ജു സാംസൺ. തന്റെ മോശം സമയത്ത് വലിയ ആത്മവിശ്വാസം നൽകി സഹായിച്ചത് ഇന്ത്യയുടെ നിലവിലെ നായകനായ സൂര്യകുമാറാണ് എന്ന് സഞ്ജു പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ഒന്നുംതന്നെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യൻ ടീമിൽ കാഴ്ചവയ്ക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സഞ്ജുവിന് വലിയ രീതിയിൽ അവസരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷമായിരുന്നു സഞ്ജു ടീമിലേക്ക് തിരികെയെത്തിയത്. തന്റെ തിരിച്ചുവരവിലെ പ്രകടനത്തിന് പ്രധാന കാരണമായി മാറിയത് സൂര്യകുമാർ യാദവ് നൽകിയ പ്രചോദനമാണ് എന്ന് സഞ്ജു പറയുന്നു.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരക്ക് മുന്നോടിയായി സൂര്യകുമാർ യാദവ് തന്റെ അടുത്ത് വരികയും, ടീമിന്റെ ഓപ്പണറായി അടുത്ത മത്സരങ്ങളിൽ കളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി സഞ്ജു പറഞ്ഞു. “ഞാൻ ദുലീപ് ട്രോഫിയിൽ കളിക്കുന്ന സമയത്ത് സൂര്യകുമാർ യാദവ് എന്റെ അടുത്തേക്ക് വന്നു. ഇന്ത്യക്കായി അടുത്ത 7 മത്സരങ്ങളിൽ ഞാനാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല എത്ര റൺസ് ഞാൻ സ്വന്തമാക്കുന്നു എന്നത് ഒരു പ്രശ്നമല്ല എന്നും സൂര്യകുമാർ യാദവ് പറയുകയുണ്ടായി. സൂര്യയാണ് ഇക്കാര്യത്തിൽ എനിക്ക് ഉറപ്പു നൽകിയത്. ഒരു ക്യാപ്റ്റൻ നമ്മളെ ഇത്തരത്തിൽ വിശ്വസിച്ചാൽ ഉറപ്പായും എല്ലാവർക്കും ആത്മവിശ്വാസം ഉണ്ടാവും.”- സഞ്ജു പറയുന്നു.
തന്റെ മികച്ച പ്രകടനങ്ങൾക്ക് മുൻപ് ഇന്ത്യയുടെ മുൻ ഹെഡ് കോച്ചായ രവി ശാസ്ത്രി പറഞ്ഞ വാക്കുകളും സഞ്ജു ഓർക്കുകയുണ്ടായി. “ഹൈദരാബാദിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുൻപ് ഞാൻ രവി ശാസ്ത്രീയുമായി സംസാരിച്ചിരുന്നു. ആ കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. സഞ്ജു, നിനക്കാവശ്യം ഒരു വലിയ സെഞ്ചുറിയാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അങ്ങനെയൊരു സെഞ്ച്വറി നേടിയാൽ നിന്റെ കാര്യങ്ങളൊക്കെയും ശരിയാവും എന്നാണ് അദ്ദേഹം എന്നോട് കൂട്ടിച്ചേർത്തത്. ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്.”- സഞ്ജു കൂട്ടിച്ചേർത്തു.
മത്സരത്തിൽ 50 പന്തുകളിൽ 107 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. ഇതോടെ പല റെക്കോർഡുകളും തന്റെ പേരിൽ ചേർക്കാനും സഞ്ജുവിന് സാധിച്ചു. ഒരു ഇന്ത്യൻ താരത്തിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മത്സരത്തിൽ സഞ്ജു സാംസൺ സ്വന്തമാക്കിയത്. 10 സിക്സറുകൾ തന്റെ ഇന്നിംഗ്സിൽ അടിച്ചു കൂട്ടിയതോടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരമായും സഞ്ജു മാറുകയുണ്ടായി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയായിരുന്നു.