‘ആ ഷോട്ട് കളിക്കരുതെന്ന് കോഹ്ലിയെ ഗംഭീർ പറഞ്ഞ് മനസിലാക്കൂ’. മുൻ ഇന്ത്യൻ താരത്തിന്റെ അപേക്ഷ

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ 3- 1 എന്ന നിലയ്ക്ക് ഓസ്ട്രേലിയയോട് പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ ബാറ്റർമാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യോഗ്രാജ് സിംഗ്. പരമ്പരയിലെ ഇന്ത്യൻ ബാറ്റർമാരുടെ ഫോമിനെ ചോദ്യം ചെയ്താണ് താരം രംഗത്തെത്തിയിരിക്കുന്നത്.

തുടർച്ചയായി വിരാട് കോഹ്ലി ഒരേ രീതിയിൽ തന്നെ പുറത്താകുന്നതിനെതിരെയും യോഗ്രാജ് സിംഗ് സംസാരിക്കുകയുണ്ടായി. 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് കേവലം 190 റൺസ് മാത്രമായിരുന്നു കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. 8 തവണയും കോഹ്ലി ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിലാണ് ഔട്ട് ആയത്. ആരെങ്കിലും കോഹ്ലിയോട് ഇനിയും അത്തരം പന്തുകളിൽ ആ ഷോട്ട് കളിക്കരുത് എന്ന് ആവശ്യപ്പെടണം എന്നാണ് യോഗ്രാജ് പറയുന്നത്.

“ഇന്ത്യൻ ടീമിനായി കളിക്കുന്ന സമയത്ത് ഒരു കോച്ചിന്റെ റോൾ എന്താണ് എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരങ്ങളാണ് നിലവിൽ കളിക്കുന്നതെങ്കിൽ, അവിടെ നമുക്ക് പരമ്പരാഗത രീതിയിലുള്ള കോച്ചിംഗ് ആവശ്യമില്ല. ശരിക്കും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യം ഓരോരുത്തരെയും കൃത്യമായി നിരീക്ഷിച്ചുള്ള പരിശീലനം തന്നെയാണ്. ചില സമയങ്ങളിൽ ചില താരങ്ങളുടെ മനസ്സ് എവിടെയെങ്കിലും ബ്ലോക്ക് ആയി നിൽക്കും. അതുകൊണ്ട് അവർക്ക് റൺസ് സ്വന്തമാക്കാൻ സാധിക്കില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവരെ പുറത്തുകൊണ്ടുവരിക എന്നതാണ് പരിശീലകന്റെ ജോലി. എത്ര വലിയ താരമാണെങ്കിലും അവർ ഒരിക്കലും മത്സരത്തിന് മുകളിലല്ല.”- യോഗ്രാജ് സിംഗ് പറയുന്നു.

“ഇത്തരം കളികളിൽ ആവശ്യം ആരെങ്കിലും അവരെ നിയന്ത്രിക്കുക എന്നതാണ്. നെറ്റ്സിൽ കൃത്യമായി പരിശീലനങ്ങൾ നടത്തുക. ഉദാഹരണത്തിന് വിരാട് കോഹ്ലി തന്റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ട് കളിച്ചാണ് ഈ പരമ്പരയിൽ പുറത്തായിരിക്കുന്നത്. അത്തരം ഷോട്ടുകൾ ഇന്ത്യൻ മൈതാനത്തും ഇംഗ്ലണ്ടിലുമൊക്കെ കോഹ്ലിയ്ക്ക് ഗുണം ചെയ്യും. പക്ഷേ കൂടുതൽ ബൗൺസും ചലനങ്ങളും ലഭിക്കുന്ന ചില പിച്ചുകളിൽ ഇത് അസാധ്യമാണ്. അത് കോഹ്ലിയോട് ആരെങ്കിലും പറയാൻ ശ്രമിക്കണം. ഈ ഷോട്ട് ഇവിടെ കളിക്കരുത് എന്ന് കോഹ്ലിയോട് ആവശ്യപ്പെടണം. ഒന്നുകിൽ നേരെ വരുന്ന പന്തുകൾ കളിക്കുക, അല്ലെങ്കിൽ ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ ഒഴിവാക്കുക എന്നതാണ് കോഹ്ലി മനസ്സിലാക്കേണ്ടത്.”- യോഗ്രാജ് കൂട്ടിച്ചേർക്കുന്നു.

“ഇതാണ് കോച്ചിംഗും മാനേജ്മെന്റും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത്. ഒരു കളിക്കാരന്റെ സാങ്കേതികതയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മനസ്സിലാക്കി കൊടുക്കുന്നതിനെയാണ് കോച്ചിംഗ് എന്നു പറയേണ്ടത്. എന്താണ് ഒരു കളിക്കാരന്റെ പ്രശ്നമെന്ന് കൃത്യമായി സ്റ്റാഫുകൾ മനസ്സിലാക്കണം. പക്ഷേ കോഹ്ലിയോടും രോഹിത് ശർമയോടും ഇത്തരം കാര്യങ്ങൾ ആരാണ് പറയുക. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യം ഒരു പ്രോപ്പർ മാനേജ്മെന്റാണ് എന്ന് ഞാൻ കരുതുന്നു. കളിക്കാരുടെ മനസ്സ് മനസ്സിലാക്കാനും നിരീക്ഷിക്കാനും സാധിക്കുന്ന ഒരു മാനേജ്മെന്റിനെയാണ് ആവശ്യം. ഗംഭീർ ഒരു അവിശ്വസനീയ ക്രിക്കറ്റർ തന്നെയായിരുന്നു. ടീമിനെ മുൻപോട്ട് നയിക്കാനും അവന് സാധിക്കും. പക്ഷേ ഇവിടെ ഗംഭീർ കുറച്ച് പിഴവുകൾ കാട്ടുന്നു.”- യോഗ്രാജ് പറഞ്ഞുവയ്ക്കുന്നു.

Previous articleചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് ബാറ്റിംഗിൽ കസറി ഷാമി. വിജയ് ഹസാരയിൽ വെടിക്കെട്ട്‌ ബാറ്റിംഗ്