ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമറിഞ്ഞതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ അല്പം പിന്നിലേക്ക് പോയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ നിൽക്കുന്നത്.
പക്ഷേ മത്സരത്തിലെ പരാജയത്തോടെ 74.24 ശതമാന പോയിന്റുകളിൽ നിന്ന് 68.05 ശതമാന പോയിന്റുകളിലേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങൾ ഈ സൈക്കിളിൽ കളിച്ച ഇന്ത്യ 8 വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 3 പരാജയങ്ങൾ ഇന്ത്യ നേരിട്ടു. ഇപ്പോൾ 98 പോയിന്റുകളാണ് ഇന്ത്യയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നു.
ഇന്ത്യയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയാണ്. ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് ഇന്ത്യയെപ്പോലെ 8 മത്സരങ്ങളിൽ വിജയങ്ങൾ സ്വന്തമാക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ സ്ലോ ഓവർറേറ്റിന്റെയും മറ്റും പേരിൽ ഓസ്ട്രേലിയയ്ക്ക് 10 പോയിന്റുകൾ കുറവാണ്. അതിനാൽ 62.5 ശതമാന പോയിന്റുകളോടെയാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയ ശ്രീലങ്കയാണ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇതുവരെ 9 മത്സരങ്ങൾ ഈ സൈക്കിളിൽ കളിച്ച ശ്രീലങ്ക 5 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. 55.56 ശതമാന പോയിന്റുകളാണ് ശ്രീലങ്കയ്ക്കുള്ളത്.
ഇന്ത്യക്കെതിരായ മത്സരത്തിലെ വമ്പൻ വിജയത്തോടെ വലിയ കുതിച്ചുചാട്ടമാണ് ന്യൂസിലാൻഡ് ഉണ്ടാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്താൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. ഈ ചാമ്പ്യൻഷിപ്പ് സൈക്കിളിലെ നാലാം വിജയമാണ് ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് നേടിയത്. ഇപ്പോൾ 9 മത്സരങ്ങളിൽ നിന്ന് 4 വിജയവുമായി 48 പോയിന്റുകളാണ് ന്യൂസിലാൻഡിനുള്ളത്. 44.4 ശതമാന പോയിന്റുകളുമായി ന്യൂസിലാൻഡ് നിലവിൽ നാലാം സ്ഥാനത്താണ്.
ഇന്ത്യയ്ക്ക് എങ്ങനെ WTC ഫൈനലിൽ എത്താം.
ന്യൂസിലാൻഡിനെതിരായ പരാജയം ഇന്ത്യയെ ബാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്നിരുന്നാലും ഈ സൈക്കിളിൽ ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് 7 ടെസ്റ്റ് മത്സരങ്ങളാണ്. ഇതിൽ 2 ടെസ്റ്റ് മത്സരങ്ങൾ ന്യൂസിലാൻഡിനെതിരെയും 5 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയക്കെതിരെയും നടക്കും. ഈ 7 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയം സ്വന്തമാക്കിയാൽ മറ്റ് ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. അഥവാ മറ്റു ഫലങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി മാറുകയാണെങ്കിൽ 4 വിജയങ്ങൾ കൊണ്ട് ഇന്ത്യയ്ക്ക് ഫൈനലിലെത്താം.