ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 295 റൺസിനാണ് ഇന്ത്യ കങ്കാരുപ്പടയെ വരിഞ്ഞുമുറുകിയത്.
ഇതോടുകൂടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. മുൻപ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി തിരികെ ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. മുൻപ് ന്യൂസിലാൻഡിനോടേറ്റ കനത്ത പരാജയമായിരുന്നു ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
Pos | Country | Played | Won | Lost | Draw | Ded | Points | PCT |
---|---|---|---|---|---|---|---|---|
1 | India | 15 | 9 | 5 | 1 | 2 | 110 | 61.11 |
2 | Australia | 13 | 8 | 4 | 1 | 10 | 90 | 57.69 |
3 | Sri Lanka | 9 | 5 | 4 | 0 | 0 | 60 | 55.56 |
4 | New Zealand | 11 | 6 | 5 | 0 | 0 | 72 | 54.55 |
5 | South Africa | 8 | 4 | 3 | 1 | 0 | 52 | 54.17 |
6 | England | 19 | 9 | 9 | 1 | 19 | 93 | 40.79 |
7 | Pakistan | 10 | 4 | 6 | 0 | 8 | 40 | 33.33 |
8 | Bangladesh | 10 | 3 | 7 | 0 | 3 | 33 | 27.50 |
9 | West Indies | 9 | 1 | 6 | 2 | 0 | 20 | 18.52 |
ഇതുവരെ ഈ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 15 മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 9 വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 5 പരാജയങ്ങളും ഇന്ത്യ നേരിട്ടു. ഇതോടെ 110 പോയിന്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 61.1 എന്ന ശതമാന പോയിന്റുള്ള ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
അതേസമയം ഓസ്ട്രേലിയ ഈ പരാജയത്തോടെ അല്പം പിന്നിലേക്ക് പോയി. ഇതുവരെ 13 ടെസ്റ്റ് മത്സരങ്ങൾ ഈ സൈക്കിളിൽ കളിച്ച ഓസ്ട്രേലിയയ്ക്ക് 8 വിജയങ്ങളാണ് നേടാൻ സാധിച്ചത്. 4 പരാജയങ്ങൾ ഓസ്ട്രേലിയ നേരിട്ടു. അതുകൊണ്ടു തന്നെ 57.69 ശതമാന പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നു.
മത്സരത്തിൽ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ ഇനിയും വലിയൊരു കടമ്പ തന്നെ കടക്കേണ്ടതുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ 4 മത്സരങ്ങളിൽ വിജയം സ്വന്തമാക്കുക എന്നതാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ലക്ഷ്യം. ഇത്തരത്തിൽ 4 വിജയങ്ങൾ സ്വന്തമാക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് അനായാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ സാധിക്കും. അതേസമയം 3 മത്സരങ്ങളിൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിച്ചുള്ളൂവെങ്കിൽ മറ്റു ഫലങ്ങളെയും ടീമിന് ആശ്രയിക്കേണ്ടി വരും. മാത്രമല്ല പരമ്പരയിൽ ഏതെങ്കിലും മത്സരങ്ങളിൽ പരാജയം നേരിട്ടാൽ ഇന്ത്യയ്ക്കത് തിരിച്ചടിയും ഉണ്ടാക്കും.
എന്നിരുന്നാലും ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് എല്ലാതരത്തിലും നിരാശാജനകമായ പ്രകടനമാണ് പേർത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഇത്തരമൊരു വിജയ മൊമെന്റം മുൻപോട്ടു കൊണ്ടുപോയി 4 വിജയങ്ങൾ പരമ്പരയിൽ സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇപ്പോഴും ഇതൊരു വലിയ ദൗത്യം തന്നെയാണ്.