പാകിസ്ഥാൻ തോറ്റു. ഇന്ത്യയ്ക്ക് ഇനി WTC ഫൈനലിൽ എത്താൻ 3 വഴികൾ. മറ്റ് ടീമുകളുടെ സാധ്യതകൾ.

പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 2 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ജൂൺ 11 മുതൽ 15 വരെ ലോർഡ്സിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇത്തവണ ദക്ഷിണാഫ്രിക്ക കളിക്കും.

ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ ഫൈനലിലേക്കുള്ള ഈ എൻട്രി ഇന്ത്യ അടക്കമുള്ള ടീമുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകൾക്കാണ് ഫൈനലിലേക്ക് എത്താൻ സാധ്യതകൾ നിലനിൽക്കുന്നത്. ഈ ടീമുകൾക്ക് ഇനി എങ്ങനെ ഫൈനലിൽ എത്താൻ സാധിക്കുമെന്ന ക്രൈറ്റീരിയ പരിശോധിക്കാം.

1. ഇന്ത്യ 

ഇന്ത്യയ്ക്ക് ഫൈനലിൽ എത്താനുള്ള ഏറ്റവും ഉത്തമമായ വഴി ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ വമ്പൻ വിജയം തന്നെയാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പര 3- 1 എന്ന നിലയിൽ സ്വന്തമാക്കാൻ സാധിച്ചാൽ മറ്റു ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് പ്രവേശിക്കാൻ സാധിക്കും.

എന്നാൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 2- 1 എന്ന നിലയിലാണ് ഇന്ത്യ വിജയം സ്വന്തമാക്കുന്നതെങ്കിൽ, ഓസ്ട്രേലിയയുടെ ശ്രീലങ്കക്കെതിരായ മത്സരഫലം ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരും. ശ്രീലങ്കക്കെതിരെ 2 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയ കാണിക്കുന്നത്. 2-1 എന്ന നിലയിൽ ഓസ്ട്രേലിയക്കെതിരെ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂവെങ്കിൽ, ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ 1-0 എന്ന നിലയിൽ പരമ്പര നേടിയാലും, 1-1 എന്ന നിലയിൽ പരമ്പര സമനിലയിൽ ആക്കിയാലും, 0-0 എന്ന നിലയിൽ സമനില ആക്കിയാലും ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ സാധിക്കും. 

അഥവാ ബോർഡർ- ഗവാസ്കർ ട്രോഫി 2-2 എന്ന നിലയിൽ അവസാനിക്കുകയാണെങ്കിൽ, ശ്രീലങ്ക ഓസ്ട്രേലിയക്കെതിരെ വിജയിക്കുകയോ, ശ്രീലങ്ക- ഓസ്ട്രേലിയ പരമ്പര 0-0 എന്ന നിലയിൽ അവസാനിക്കുകയോ ചെയ്താൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ കഴിയൂ.

2. ഓസ്ട്രേലിയ 

ഇന്ത്യക്കെതിരായ പരമ്പര 3- 1 എന്ന നിലയിൽ വിജയിക്കാനായാൽ ഓസ്ട്രേലിയയ്ക്ക് ഫൈനലിലേക്ക് നേരിട്ട് എത്താൻ കഴിയും.

എന്നാൽ പരമ്പര 2- 1 എന്ന നിലയിലാണ് ഓസ്ട്രേലിയ സ്വന്തമാക്കുന്നതെങ്കിൽ, ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഓസീസിന് 1- 1 എന്ന നിലയിൽ സമനില കണ്ടെത്തുകയോ, 1-0 എന്ന നിലയിൽ വിജയം കണ്ടെത്തുകയോ ചെയ്യണം.

അഥവാ ഇന്ത്യക്കെതിരായ പരമ്പര 2-2 എന്ന നിലയിൽ അവസാനിക്കുകയാണെങ്കിൽ, ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടു മത്സരങ്ങളും ഓസ്ട്രേലിയയ്ക്ക് വിജയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ ആവണം. 

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 2- 1 എന്ന നിലയിൽ വിജയിക്കുകയാണെങ്കിൽ, ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയെ 2- 0 എന്ന നിലയിൽ പരാജയപ്പെടുത്തേണ്ടതുണ്ട്.

3. ശ്രീലങ്ക 

ശ്രീലങ്കയ്ക്ക് ഫൈനലിലേക്കുള്ള വഴി നല്ലൊരു ശതമാനവും അടഞ്ഞ മട്ടാണ്. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 2- 1 എന്ന നിലയിൽ വിജയിക്കുകയും, പിന്നീട് ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയയെ 2-0 എന്ന നിലയിൽ പരാജയപ്പെടുത്താനും സാധിച്ചാൽ ടീമിന് ഫൈനലിലേക്ക് പ്രവേശനം ലഭിക്കും

Previous articleT20 ക്രിക്കറ്റർ ഓഫ് ദ് ഇയർ നോമിനി ലിസ്റ്റിലെ അവസാന 4 താരങ്ങൾ ഇവർ. ഒരു ഇന്ത്യക്കാരനും ലിസ്റ്റിൽ.