ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കിയതോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ധർമശാലയിൽ നടന്ന അവസാന മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 64 റൺസിനും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ നിർണായകമായ 12 പോയിന്റുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇതോടെ ഇന്ത്യയുടെ മുഴുവൻ പോയിന്റുകൾ 74 ആയി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യത വളരെയധികം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് രണ്ടുതവണ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും ഇന്ത്യക്ക് കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ വലിയ പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ. ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ പരിശോധിക്കാം.

ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത് 10 മത്സരങ്ങളാണ്. ഇതിൽ 5 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യക്ക് ഫൈനൽ മത്സരത്തിൽ കളിക്കാനാവും. ഈ 10 മത്സരങ്ങളിൽ 5 മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കും. 2 മത്സരങ്ങൾ ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുമ്പോൾ, 3 മത്സരങ്ങൾ ന്യൂസിലാൻഡിനെതിരെയാണ് കളിക്കുന്നത്.

എന്നാൽ ശേഷം ഇന്ത്യയ്ക്ക് വരുന്നത് കരുത്തരായ ഓസ്ട്രേലിയക്കെതിരായ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ്. ഓസ്ട്രേലിയയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം ഫൈനൽ പ്രവേശനത്തിന് നിർണായകമായി മാറും.

ഇന്ത്യയെ കൂടാതെ ലോക ടെസ്റ്റ് ഫൈനലിലേക്ക് കുതിച്ചുചാട്ടം നടത്തുന്ന മറ്റൊരു ടീം ഓസ്ട്രേലിയയാണ്. നിലവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയ തങ്ങളുടെ പോയിന്റ് ശതമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കി കഴിഞ്ഞു.

നിലവിൽ 62.5 ആണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം. ഇനി ഓസ്ട്രേലിയക്ക് അവശേഷിക്കുന്നത് 7 ടെസ്റ്റ് മത്സരങ്ങളാണ്. ഇതിൽ 5 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കെതിരെയും, രണ്ടെണ്ണം ശ്രീലങ്കയ്ക്കെതിരെയുമാണ് നടക്കുന്നത്. ഈ 7 മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയം സ്വന്തമാക്കിയാൽ ഓസ്ട്രേലിയക്ക് ഫൈനലിലേക്ക് പ്രവേശനം ലഭിക്കും.

എന്നാൽ മറ്റു ടീമുകൾക്ക് ഫൈനലിലേക്ക് പ്രവേശിക്കുക എന്നത് അല്പം പ്രയാസമാണ്. ഇനി 8 ടെസ്റ്റ് മത്സരങ്ങൾ അവശേഷിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 മത്സരങ്ങളിൽ വിജയം നേടിയാലെ ഫൈനലിൽ എത്താൻ സാധിക്കൂ. ന്യൂസിലാൻഡിന് 8 മത്സരങ്ങളിൽ 6 മത്സരങ്ങളിൽ വിജയം സ്വന്തമാക്കണം.

പാക്കിസ്ഥാന് അവശേഷിക്കുന്നത് 9 ടെസ്റ്റ് മത്സരങ്ങളാണ്. ഇതിൽ 7 മത്സരങ്ങളിൽ വിജയം നേടിയാലെ പാക്കിസ്ഥാന് ഫൈനലിൽ എത്താൻ സാധിക്കൂ. 9 മത്സരങ്ങൾ അവശേഷിക്കുന്ന വിൻഡീസിന് 7 മത്സരങ്ങളിൽ വിജയം നേടേണ്ടതുണ്ട്. 12 മത്സരങ്ങൾ അവശേഷിക്കുന്ന ഇംഗ്ലണ്ടിന് ഇനി 12 മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ ഫൈനൽ കാണാൻ സാധിക്കൂ.

Previous articleഉടനെ ഏകദിന അരങ്ങേറ്റം നല്‍കൂ. അവന്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ആവശ്യവുമായി മുഹമ്മദ് കൈഫ്.
Next articleഎന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.