വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തി. ഇന്ത്യ ഭേദപ്പെട്ട നിലയില്‍

പ്രഥമ ടെസറ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ടാം ദിനത്തില്‍ വെളിച്ചക്കുറവ് കാരണം നേരത്തെ അവസാനിച്ചപ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും തുടരെ വിക്കറ്റു പോയ ഇന്ത്യയെ വീരാട് കോഹ്ലി – അജിങ്ക്യ രഹാനെ കൂട്ടുകെട്ടാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് ഇന്ത്യ നേടിയത്. 44 റണ്‍സുമായി വീരാട് കോഹ്ലിയും 29 റണ്‍സുമായി രഹാനയുമാണ് ക്രീസില്‍

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍റ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗനയക്കുകയായിരുന്നു. ടിം സൗത്തിയും ട്രന്‍റ് ബോള്‍ട്ടിന്‍റെയും ഓപ്പണിംഗ് സ്പെല്ലുകള്‍ കരുതലോടെയാണ് നേരിട്ടത്. നല്ല പന്തുകളെ ബഹുമാനിക്കുകയും മോശം പന്തുകളെ ശിക്ഷിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ റണ്‍സെത്താന്‍ തുടങ്ങി.

IMG 20210619 215006

ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ – രോഹിത് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് 62 റണ്‍സാണ് ചേര്‍ത്തത്. കെയില്‍ ജാമിസണിന്‍റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രോഹിത് ശര്‍മ്മ (34) മടങ്ങിയത്. രോഹിത് ശര്‍മ്മ മടങ്ങിയതിനു പിന്നാലെ ആദ്യ ഓവര്‍ എറിയാനെത്തിയ വാഗ്നര്‍ ശുഭ്മാന്‍ ഗില്ലിനെ (28) പുറത്താക്കി. അധികം വൈകാതെ പൂജാരയും 8 റണ്‍സെടുത്ത് ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങി. 88 റണ്‍സിന് 3 എന്ന നിലയിലേക്ക് ഇന്ത്യ വീണിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി – വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 56 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. വെളിച്ചക്കുറവ് കാരണം നേരത്തെ ചായക്ക് പിരിഞ്ഞിരുന്നു. മൂന്നാം സെക്ഷന്‍ വീണ്ടും ആരംഭിച്ചെങ്കിലും രണ്ട് തവണ കളി നിര്‍ത്തി വയ്ക്കേണ്ടി വന്നു.