ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ തകർച്ച തുടരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം വളരെ മികച്ച രീതിയിലായിരുന്നു ഇന്ത്യ ബോൾ ചെയ്തത്. എന്നാൽ ബാറ്റിംഗിൽ വീണ്ടും ഇന്ത്യ തകർന്നടിയുന്നത് മത്സരത്തിൽ കാണുകയുണ്ടായി. ഓസ്ട്രേലിയ ഉയർത്തിയ 469 എന്ന ആദ്യ ഇന്നിങ്സ് സ്കോറിന് മറുപടിയ്ക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 151 റൺസിന് 5 വിക്കറ്റുകൾ എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 318 റൺസുകൾ കൂടി നേടേണ്ടതുണ്ട്. 29 റണ്‍സുമായി രഹാനയും 5 റണ്‍സുമായി ഭരതുമാണ് ക്രീസില്‍.
ആദ്യ ദിവസം ഓസ്ട്രേലിയ ശക്തമായ നിലയിൽ തന്നെയായിരുന്നു മത്സരം അവസാനിപ്പിച്ചത്. ശേഷം രണ്ടാം ദിവസവും കരുതലോടെ ഓസ്ട്രേലിയ ആരംഭിച്ചു. രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ സ്റ്റീവ് സ്മിത്ത് തന്റെ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ശേഷം ഹെഡിനൊപ്പം കൂട്ടുകെട്ട് വിപുലീകരിക്കാൻ സ്മിത്ത് ശ്രമിച്ചു. എന്നാൽ ഇന്ത്യൻ ബോളർമാർ കൃത്യത കണ്ടെത്തിയതോടെ ഓസ്ട്രേലിയയുടെ കാര്യങ്ങൾ വെള്ളത്തിലായി. 121 റൺസ് നേടിയ സ്മിത്തിനെയും, 163 റൺസ് നേടിയ ഹെഡിനെയും ഇന്ത്യൻ ബോളർമാർ ചെറിയ ഇടവേളയിൽ കൂടാരം കയറ്റി.
പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും ഓസ്ട്രേലിയൻ നിരയിൽ തിളങ്ങാൻ സാധിച്ചില്ല. 48 റൺസ് നേടിയ അലക്സ് കെയറി മാത്രമാണ് ഓസ്ട്രേലിയൻ വാലറ്റത്ത് അല്പമെങ്കിലും പിടിച്ചുനിന്നത്. ഇങ്ങനെ ഓസ്ട്രേലിയയുടെ ഇന്നിങ്സ് 469 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു ദുരന്തം തന്നെയാണ് സംഭവിച്ചത്. ഓപ്പണർമാരായ ഗില്ലിനേയും(13) രോഹിത് ശർമയെയും(15) തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമാവുകയുണ്ടായി. ഒപ്പം മൂന്നമനായിറങ്ങിയ പൂജാരയും(14) കോഹ്ലിയും(14) തിളങ്ങാതെ വന്നതോടെ ഇന്ത്യ തകർച്ചയിലേക്ക് നീങ്ങി.
എന്നാൽ നാലാം വിക്കറ്റിൽ ജഡേജയും രഹാനെയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ കെട്ടിപ്പടുത്തു. ജഡേജ മത്സരത്തിൽ 51 പന്തുകളിൽ 48 റൺസ് ആണ് നേടിയത്. എന്നിരുന്നാലും കൃത്യമായ സമയത്ത് ജഡേജയുടെ വിക്കറ്റ് വീഴ്ത്താൻ ഓസ്ട്രേലിയൻ ബോളർമാർക്ക് സാധിച്ചു. ഇതോടെ വീണ്ടും ഇന്ത്യ ബാക്ക് ഫുട്ടിലേക്ക് പോവുകയായിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസം തന്നെയാണ് മുൻപിലുള്ളത്.