ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ആവേശോജ്ജ്വലമായ അവസാന ദിവസത്തിലേക്ക്. നാലാം ദിവസം ഇരു ടീമുകളും കൃത്യമായി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ അവസാന ദിവസം വളരെ നിർണായകമായി മാറിയിരിക്കുകയാണ്. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് ഇനി വിജയിക്കാൻ വേണ്ടത് 280 റൺസാണ്. ഇതേസമയം ഓസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യയുടെ 7 വിക്കറ്റുകൾ സ്വന്തമാക്കിയാൽ മത്സരത്തിൽ വിജയം കാണാനാവും. എന്തായാലും ആവേശം നിറഞ്ഞ അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ് മത്സരം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ വിജയിക്കുവാന്‍ ഇന്ത്യക്ക് വേണ്ടത് റെക്കോഡ് റണ്‍ ചേസാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും 418 നു മുകളില്‍ റണ്‍ ചേസ് നടത്തിയട്ടില്ലാ.
ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയ 469 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ഇന്നിങ്സ് 296 റൺസിൽ അവസാനിക്കുകയായിരുന്നു. അങ്ങനെ ഓസ്ട്രേലിയ 173 റൺസിന്റെ ലീഡ് സ്വന്തമാക്കുകയുണ്ടായി. രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ഓസ്ട്രേലിയ കാഴ്ചവച്ചത്. രണ്ടാം ഇന്നിങ്സിൽ 270 ന് 8 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കായി 66 റൺസ് നേടിയ കെയറിയും, 41 റൺസ് നേടിയ സ്റ്റാർക്കും നിറഞ്ഞാടി. ഇരുവരുടെയും ബലത്തിൽ 444 എന്ന വമ്പൻ വിജയലക്ഷ്യം ഇന്ത്യയുടെ മുൻപിലേക്ക് വയ്ക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു.
വമ്പൻ വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമ മികച്ച തുടക്കം തന്നെയാണ് നൽകിയത്. ഒരു വശത്ത് ശുഭ്മാൻ ഗില്ലിന്റെ(18) വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശർമ ഉത്തരവാദിത്വത്തോടെ തന്നെ കളിക്കുകയുണ്ടായി. ഇന്നിംഗ്സിൽ 60 പന്തുകൾ നേരിട്ട രോഹിത് 43 റൺസാണ് നേടിയത്. എന്നാൽ പൂജാര രോഹിത്തിന് തൊട്ടു പിന്നാലെ കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചു. ശേഷം വിരാട് കോഹ്ലി(44*) ക്രീസിലെത്തുകയും മത്സരത്തിന്റെ പൂർണമായ നിയന്ത്രണം ഏറ്റെടുക്കുകയുമാണ് ഉണ്ടായത്.
എന്തായാലും മത്സരത്തിൽ വലിയൊരു വഴിത്തിരിവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ പിച്ച് മികച്ച രീതിയിൽ ബോളിങ്ങിനെയും ബാറ്റിംഗിനെയും അനുകൂലിച്ചിട്ടുണ്ട്. അഞ്ചാം ദിവസം ആദ്യ സെഷനിൽ തന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് അഞ്ചാം ദിവസം പിച്ചിൽ നിന്ന് ലഭിക്കുന്ന എന്ത് സഹായവും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. എന്തായാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കിരീടം സ്വന്തമാക്കാൻ രണ്ടും കൽപ്പിച്ചാണ് ഇരു ടീമുകളും അഞ്ചാം ദിവസം ഇറങ്ങുന്നത്.