ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 106 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 28 റൺസിന് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ ഒരു തിരിച്ചുവരവ് തന്നെയാണ് വിശാഖപട്ടണത്ത് കാണാൻ സാധിച്ചത്.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയ്ന്റ്സ് ടേബിളിലും വലിയ കുതിച്ചുചാട്ടം തന്നെ ഇന്ത്യ ഉണ്ടാക്കിയിട്ടുണ്ട്. മത്സരത്തിന് മുൻപ് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വിജയത്തോടെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. മുൻപ് വെസ്റ്റിൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയിരുന്നു.
Rank | Team | Points |
---|---|---|
1 | Australia | 55.0 |
2 | India | 52.77 |
3 | South Africa | 50.0 |
4 | New Zealand | 50.0 |
5 | Bangladesh | 50.0 |
6 | Pakistan | 36.66 |
7 | West Indies | 33.33 |
8 | England | 25.0 |
9 | Sri Lanka | 0.0 |
ഇതുവരെ ഈ ടെസ്റ്റ് സർക്കിളിൽ 6 മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ 3 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയപ്പോൾ 2 മത്സരങ്ങളിൽ പരാജയം അറിഞ്ഞു. ഒരു മത്സരം സമനിലയിലും കലാശിച്ചു. ഈ സാഹചര്യത്തിൽ 52.77 എന്ന ശതമാന പോയിന്റോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
നിലവിൽ പോയിന്റ്സ് ടേബിളിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ ഈ സർക്കിളിൽ 10 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ 6 മത്സരങ്ങളിലും വിജയം കണ്ടിട്ടുണ്ട്. കേവലം 3 മത്സരങ്ങളിൽ മാത്രമാണ് ഓസ്ട്രേലിയ പരാജയപ്പെട്ടത്. 55 ശതമാന പോയിന്റുകളുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
എന്നാൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ പരാജയമറിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ കാര്യങ്ങൾ കൂടുതൽ ദുരിതത്തിൽ ആയിട്ടുണ്ട്. ഇതുവരെ 7 മത്സരങ്ങളിൽ 3 മത്സരങ്ങളിൽ ഇംഗ്ലണ്ട് വിജയം നേടി. എന്നാൽ 3 മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ഇതോടെ 25 ശതമാന പോയിന്റുകളുള്ള ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇതുവരെ ഈ സൈക്കിളിൽ 2 മത്സരങ്ങൾ മാത്രം കളിച്ച്, ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് പോയ്ന്റ്സ് ടെബിളിൽ ഇന്ത്യയ്ക്ക് പിന്നാലെ 3,4,5 സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 396 എന്ന ശക്തമായ സ്കോർ സ്വന്തമാക്കുകയുണ്ടായി. ജയസ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഇത്തരം ഒരു സ്കോറിലെത്തിയത്. ശേഷം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കേവലം 253 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.
പിന്നാലെ ഇന്ത്യയ്ക്ക് 143 റൺസിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 255 റൺസ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 399 റൺസായി മാറിയിരുന്നു. എന്നാൽ 292 റൺസിന് ഇംഗ്ലണ്ട് പുറത്തായതോടെ ഇന്ത്യ 106 റൺസിന്റെ വിജയം നേടി. ഇന്ത്യക്കായി 2 ഇന്നിംഗ്സുകളിലും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത ബുമ്രയാണ് കളിയിലെ താരം.