ബാംഗ്ലൂരിനെ നാണംകെടുത്തി യുപി വാരിയേഴ്‌സ്. 10 വിക്കറ്റിന്റെ വിജയം!!

Fq30SFEXgAENUfe scaled

വനിതാ പ്രീമിയർ ലീഗിൽ വീണ്ടും ബാംഗ്ലൂരിന് പരാജയം. യുപി വാരിയേഴ്സിനെതിരെ നടന്ന മത്സരത്തിൽ 10 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്. ടൂർണമെന്റിലെ ബാംഗ്ലൂരിലെ തുടർച്ചയായ നാലാം പരാജയമാണിത്. ഈ പരാജയം ബാംഗ്ലൂരിന്റെ സെമിഫൈനൽ സാധ്യതകളെ പോലും ബാധിച്ചിട്ടുണ്ട്. എക്ലസ്റ്റോണിന്റെയും ദീപ്തി ശർമയുടെയും മികവാർന്ന ബോളിങ് പ്രകടനവും, അലക്സ് ഹീലിയുടെ വെടിക്കെട്ടുമാണ് മത്സരത്തിൽ യുപിയുടെ വിജയത്തിന് അടിത്തറയായത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പതിവുപോലെതന്നെ നായിക സ്മൃതി മന്ദന(4) ആരംഭത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. എന്നാൽ സോഫി ഡിവൈനും എലീസാ പെറിയും ചേർന്ന് പതിയെ ബാംഗ്ലൂരിനെ കരകയറ്റി. സോഫി ഡിവൈൻ 24 പന്തുകളിൽ 36 റൺസ് നേടിയപ്പോൾ, 39 പന്തുകളിൽ 52 റൺസായിരുന്നു പെറിയുടെ സമ്പാദ്യം. എന്നാൽ ബാംഗ്ലൂർ നിരയിലെ മറ്റ് ബാറ്റർമാർ പതിവുപോലെ പരാജയപ്പെട്ടു. അങ്ങനെ ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് കേവലം 138 റൺസിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ യു പി വാരിയേഴ്‌സിനായി ക്യാപ്റ്റൻ ഹീലി തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഒപ്പം ദേവിക വൈദ്യയും ചേർന്നതോടെ ബാംഗ്ലൂർ ബോളിംഗ് നിര വീണ്ടും തല്ലുകൊണ്ടു. മത്സരത്തിൽ 47 പന്തുകളിൽ 96 റൺസാണ് അലക്സ ഹീലി നേടിയത്. ദേവിക വൈദ്യ 31 പന്തുകളിൽ 36 റൺസ് നേടി. മത്സരത്തിൽ 10 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് യുപി സ്വന്തമാക്കിയത്.

Read Also -  മത്സരശേഷം ധോണിയ്ക്ക് ഹസ്തദാനം നൽകാതെയിരുന്നത് കോഹ്ലി അടക്കമുള്ളവരുടെ തെറ്റ്. മുൻ ഇംഗ്ലണ്ട് നായകൻ പറയുന്നു.

യുപിയുടെ ടൂർണമെന്റിലെ രണ്ടാം വിജയമാണിത്. ഈ വിജയത്തോടെ യുപി തങ്ങളുടെ സെമി സാധ്യതകളിലേക്ക് ഒരു ചുവട് കൂടി വച്ചിട്ടുണ്ട്. മറുവശത്ത് പേപ്പറിലെ കരുത്തർക്ക് മൈതാനത്ത് തുടർ പരാജയങ്ങളാണ് ഫലം. പ്രധാനമായും നാലുപാട് നിന്നും തല്ലു വാങ്ങുന്ന ബോളിങ് നിരയാണ് ബാംഗ്ലൂർ ടീമിന്റെ തിരിച്ചടി. ഒപ്പം വലിയ തുകയ്ക്ക് ടീമിലെത്തിയ നായിക സ്മൃതി മന്ദനയുടെ പ്രകടനവും ബാംഗ്ലൂരിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

Scroll to Top