ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യയയോട് അടിയറവ് വച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ ശക്തമായാണ് തിരിച്ചുവന്നത്. 215 ന് 2 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 278 റണ്‍സിനു പുറത്തായി. ഇന്നിംഗ്സിനും 76 റണ്‍സിനും വിജയിച്ച ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി. ആദ്യ മത്സരം മഴ കാരണം സമനിലയില്‍ അവസാനിച്ചിരുന്നു.
രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ടിന്‍റെ ആദ്യ വിജയമാണിത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ വിജയം നേടാനത് ഇംഗ്ലണ്ട് മാത്രമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍ ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ കളിച്ചു തുടങ്ങിയിരിക്കുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം നേടിയെങ്കിലും നാലാം സ്ഥാനത്ത് തന്നെയാണ് ഇംഗ്ലണ്ട് ഉള്ളത്.
അതേ സമയം വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ ആദ്യ സ്ഥാനത്ത് നിന്നും മൂന്നാമതേക്ക് വീണു. പാക്കിസ്ഥാനാണ് ആദ്യ സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിച്ചത്. ചുരുക്കത്തില്‍ എല്ലാ ടീമും ഓരോ വിജയം നേടി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റ് നിയമപ്രകാരം പോയിന്‍റ് ശതമാനം കണക്കാക്കിയാണ് ടേബിളിലെ സ്ഥാനം നോക്കുക. പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനും 12 പോയിന്‍റാണ് ഉള്ളത്. ആകെ ഉള്ള 24 പോയിന്‍റില്‍ പകുതി പോയിന്‍റും ഇരു ടീമും നേടി. അതേ സമയം ഇന്ത്യക്കും ഇംഗ്ലണ്ടിനും ലഭിച്ച പോയിന്‍റില്‍ നിന്നും 2 പോയിന്‍റ് സ്ലോ ഓവര്‍ നിരക്കിന്‍റെ പേരില്‍ കുറച്ചിരുന്നു. വിജയത്തിനു 12 പോയിന്‍റ്, ടൈ ആയാല്‍ 6 സമനിലയില്‍ അവസാനിച്ചാല്‍ 4 എന്നിങ്ങിനെയാണ് ടീമുകള്‍ക്ക് ലഭിക്കുക.
ഇന്ത്യക്കും ഇംഗ്ലണ്ടിനും പരമാവധി ലഭിക്കേണ്ട 36 പോയിന്‍റില്‍ 14 പോയിന്‍റ് മാത്രമാണ് നേടാനായത്. 38.88 ശതമാനമായതിനാല്‍ പോയിന്‍റ് പട്ടികയില്‍ താഴേക്ക് പോയി. പരമ്പരയിലെ നാലാം മത്സരം സെപ്തംമ്പര്‍ 2 ന് ആരംഭിക്കും.