മറ്റൊരു മാസ്മരിക വിദേശ ടെസ്റ്റ് ജയം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്ലിയും സംഘവും. ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യൻ ടീം കരുത്തരായ സൗത്താഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് ജയം സ്വന്തമാക്കുമ്പോൾ അത് നായകൻ വിരാട് കോഹ്ലിക്കും അഭിമാന നേട്ടമാണ്. അഞ്ചാം ദിനം 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാനായി ഇറങ്ങിയ സൗത്താഫ്രിക്കക്ക് എതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യൻ ടീം ജയം നേടിയത്. മൂന്ന് വിക്കറ്റുകളുമായി മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവർ തിളങ്ങി. ജയം സൗത്താഫ്രിക്കൻ മണ്ണിൽ ചരിത്ര ടെസ്റ്റ് പരമ്പര ലക്ഷ്യമാക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നൽകുന്ന ബൂസ്റ്റ് വളരെ വലുതാണ്. ഇക്കാര്യം മത്സരശേഷം വിരാട് കോഹ്ലി വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ ആദ്യ ടെസ്റ്റ് ജയിച്ചത് ഇന്ത്യൻ ടീമിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും മുൻതൂക്കം നൽകുന്നുണ്ട്. ഈ ഒരു ജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ടീമുള്ളത്. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (2021-2023 ) സൈക്കിളിൽ ഇന്ത്യൻ ടീം നേടുന്ന നാലാം ജയമാണ് ഇന്ന് സെഞ്ചൂറിയനിൽ പിറന്നത്. നാല് ജയവും രണ്ട് സമനിലയും ഒരു തോൽവിയും വിരാട് കോഹ്ലിയും സംഘവും ഈ വർഷം സ്വന്തമാക്കി.
നിലവിൽ കളിച്ച മൂന്ന് ടെസ്റ്റുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായി ജയിച്ച ഓസ്ട്രേലിയയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.64.28 ശതമാനം പോയിന്റ് നേടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ പോയിന്റ് ടേബിളിൽ നാലാമതെത്തിയത്. ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം ഇന്ത്യൻ ടീമിന് ഇനിയും ശേഷിക്കുന്നുണ്ട്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര ജയിക്കാനായി കഴിഞ്ഞ ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ മണ്ണിലും ഐതിഹാസിക നേട്ടമാണ് സ്വപ്നം കാണുന്നത്.
ഏറ്റവും കൂടുതല്‍ പോയിന്‍റ് ഇന്ത്യക്കാണെങ്കിലും വിജയ ശതമാനം നോക്കിയാണ് സ്ഥാനം നിര്‍ണയിക്കുക. 100 ശതമാനവുമായി ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവരാണ് മുന്നില്‍. 75 ശതമാനം പോയിന്‍റുമായി പാക്കിസ്ഥാന്‍ മൂന്നാമതാണ്.