അഡ്ലൈഡിൽ ഓസ്ട്രേലിയയ്ക്കെതിരെ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ അടിപതറി വീണ് ഇന്ത്യ. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.
ഇതോടെ ശക്തരായ ഓസ്ട്രേലിയ പട്ടികയിൽ തിരികെ ഒന്നാം സ്ഥാനത്തേക്ക് എത്തി. 61.11 പോയിന്റ് ശതമാനമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ ഈ പരാജയത്തോടെ ഇത് 57.29 പോയിന്റ് ശതമാനമായി മാറി. അതിനാൽ തന്നെ പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയെക്കാൾ പിന്നിലേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടിട്ടുണ്ട്.
Position | Team | Matches | Won | Lost | Drawn | NR | Points | PCT |
---|---|---|---|---|---|---|---|---|
1 | Australia | 14 | 9 | 4 | 1 | 0 | 102 | 60.710% |
2 | South Africa | 9 | 5 | 3 | 1 | 0 | 64 | 59.260% |
3 | India | 16 | 9 | 6 | 1 | 0 | 110 | 57.290% |
4 | Sri Lanka | 10 | 5 | 5 | 0 | 0 | 60 | 50.000% |
5 | England | 21 | 11 | 9 | 1 | 0 | 114 | 45.240% |
6 | New Zealand | 13 | 6 | 7 | 0 | 0 | 69 | 44.230% |
7 | Pakistan | 10 | 4 | 6 | 0 | 0 | 40 | 33.330% |
8 | Bangladesh | 12 | 4 | 8 | 0 | 0 | 45 | 31.250% |
9 | West Indies | 11 | 2 | 7 | 2 | 0 | 32 | 24.240% |
ഇതുവരെ ഈ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 14 മത്സരങ്ങൾ കളിച്ചിട്ടുള്ള ഓസ്ട്രേലിയ 9 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 168 പോയിന്റുകള്ള ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം 60.71 ആണ്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഇതുവരെ 9 മത്സരങ്ങളിൽ 5 വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്. 59.26 എന്ന പോയിന്റ് ശതമാനത്തോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം ഉണ്ടാക്കിയത്. മറുവശത്ത് ഇന്ത്യയുടെ ഗതി അല്പം മോശമാണ്. ഇതുവരെ 16 മത്സരങ്ങൾ കളിച്ച ഇന്ത്യ 9 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയെങ്കിലും, 6 പരാജയങ്ങൾ നേരിടുകയുണ്ടായി. ഇതോടെ 57.29 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് വലിയ മങ്ങലാണ് ഏറ്റിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന 3 മത്സരങ്ങളിൽ ഒരു പരാജയം കൂടി ഇന്ത്യയ്ക്ക് വഴങ്ങാൻ സാധ്യമല്ല. ഇനിയൊരു പരാജയം കൂടിയുണ്ടായാൽ ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷകൾ പൂർണമായി ഉപേക്ഷിക്കേണ്ടിവരും. അതേസമയം ഓസ്ട്രേലിയക്കെതിരായ അടുത്ത 3 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് 64.03 പോയിന്റ് ശതമാനത്തിൽ എത്താൻ സാധിക്കും. എന്നിരുന്നാലും മറ്റു ഫലങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാകേണ്ടതുണ്ട്.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്ന് പുറത്തായിരിക്കുന്ന 2 ടീമുകൾ ബംഗ്ലാദേശും വെസ്റ്റിൻഡീസുമാണ്. മറ്റു ടീമുകളൊക്കെയും ഫൈനലിൽ എത്താനുള്ള പോരാട്ടത്തിലാണ്. ഇതുവരെയും ഒരു ടീമും ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല എന്നതാണ് വ്യത്യസ്തമായ കാര്യം. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറ്റ കനത്ത പരാജയമാണ് ഇന്ത്യയെ ഈ സൈക്കിളിൽ ബാധിച്ചത്. 3-0 എന്ന നിലയിലായിരുന്നു ന്യൂസിലാൻഡിനെതിരെ ഇന്ത്യ പരാജയം നേരിട്ടത്.