2023ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ ടീം ആരംഭിക്കുകയാണ്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയോടുകൂടി ഇന്ത്യയുടെ ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കമാവും. എന്നാൽ ലോകകപ്പിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബൂമ്ര കളിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. മുൻപ് നട്ടെല്ലിന് പരിക്കേറ്റ ബൂമ്ര സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് 2023ലെ ലോകകപ്പിൽ ബൂമ്രയുടെ സേവനം അത്യാവശ്യമാണ് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഇപ്പോൾ പറയുന്നത്. 2016ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയായിരുന്നു ബുമ്ര. എന്നാൽ കഴിഞ്ഞവർഷം മുതൽ തുടർച്ചയായി പരിക്കുകളുടെ പിടിയിലാണ് ഈ സ്പീഡ് സൂപ്പർ സ്റ്റാർ.
2023 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് കൈഫ്. മറ്റേത് ടീമിനെക്കാളും നന്നായി ഇന്ത്യയ്ക്ക് സാഹചര്യങ്ങൾ അനുകൂലമായി മാറും എന്നാണ് കൈഫ് കരുതുന്നത്. ഒപ്പം വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ സീനിയർ താരങ്ങൾ ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയ്ക്കായി ഒരുപാട് പ്രയത്നിക്കേണ്ടി വരുമെന്നും കൈഫ് പറഞ്ഞു. “ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ വളരെ തിളക്കമേറിയതാണ്. കാരണം ടൂർണമെന്റിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി നമ്മുടെ ടീമിന് അറിയാൻ സാധിക്കും. മാത്രമല്ല ഇത്തവണത്തെ ലോകകപ്പിൽ സ്പിന്നർമാർക്ക് വലിയൊരു പങ്കു തന്നെയുണ്ട്. ഈ ടൂർണമെന്റ് ജയിക്കാൻ പാകത്തിനുള്ള കളിക്കാർ ഇന്ത്യൻ നിരയിലുണ്ട്.”- കൈഫ് പറയുന്നു.
“എന്നിരുന്നാലും ഇന്ത്യയെ സംബന്ധിച്ച് കുറച്ചു വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. സീനിയർ കളിക്കാരുടെ ഫിറ്റ്നസും ഫോമും ലോകകപ്പിൽ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഒപ്പം ബോളിങ്ങിലും ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണം. മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ ടീമിന് സാധിച്ചാൽ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് മറ്റു ടീമുകൾക്ക് പ്രയാസമാണ്. അതുകൊണ്ടുതന്നെ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ റോൾ ഈ ലോകകപ്പിൽ വളരെ വലുതാണ്. ഈ സീനിയർ കളിക്കാരൊക്കെയും വലിയ രീതിയിൽ അധ്വാനിച്ചാൽ മാത്രമേ ഇന്ത്യയിലേക്ക് കിരീടമെത്തൂ.”- കൈഫ് കൂട്ടിച്ചേർത്തു.
ഒക്ടോബർ 8ന് ഓസ്ട്രേലിയൻ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ശേഷം ഒക്ടോബർ 15ന് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങും. എന്തായാലും 2011ന് ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യ 50 ഓവർ ലോകകപ്പ് എന്ന നിലയിൽ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യൻ ടീം ഈ ലോകകപ്പിന് വെച്ചിട്ടുള്ളത്. 2011ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ മികച്ച ഒരു ക്യാമ്പയിൻ തന്നെയായിരുന്നു ഇന്ത്യ നടത്തിയത്. അതിനുശേഷം മറ്റൊരു ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല.