അടിച്ചിട്ടതിനു പിന്നാലെ എറിഞ്ഞിട്ടു. മുംബൈക്ക് കൂറ്റൻ വിജയം

വനിത ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. ആവേശം അലതല്ലിയ മത്സരത്തിൽ 143 റൺസിനാണ് ഹർമൻപ്രീറ്റ് കൗറിന്റെ മുംബൈ ടീം ഗുജറാത്തിനെതിരെ വിജയം കണ്ടത്. പുരുഷ ഐപിഎല്ലിൽ കാലങ്ങളായി ആധിപത്യം തുടരുന്ന മുംബൈയ്ക്ക് വനിതാ പ്രീമിയർ ലീഗിലും ഒരു വമ്പൻ തുടക്കം തന്നെയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. നായിക ഹർമൻപ്രീറ്റ് കൗറിന്റെയും അമേലിയ കേറിന്റെയും ഉഗ്രൻ പ്രകടനങ്ങളാണ് മുംബൈയ്ക്ക് മത്സരത്തിൽ വിജയത്തിന് അടിസ്ഥാനമായി മാറിയത്. MIW 207/5 (20) GGT 64 (15.1)

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഡിവൈ പട്ടേൽ സ്റ്റേഡിയത്തിൽ മുംബൈ ബാറ്റർമാരുടെ ആറാട്ടാണ് ഗുജറാത്ത് കണ്ടത്. ആദ്യം ഓപ്പണർ ഹെയിലി മാത്യൂസ്(47) ആയിരുന്നു ഗുജറാത്തിന് തലവേദന ആയത്. ശേഷം നായിക ഹർമൻപ്രീറ്റും അമേലിയ കേറും ഗുജറാത്ത് ടീമിന്റെ നട്ടെല്ലൊടിച്ചു. ഹർമൻപ്രീറ്റ് കോർ 30 പന്തുകളിൽ 14 ബൗണ്ടറികളടക്കം 65 റൺസാണ് മത്സരത്തിൽ നേടിയത്. അമേലിയ കെർ 25 പന്തുകളിൽ 45 റൺസ് നേടി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 207 എന്ന വമ്പൻ സ്കോറിൽ മുംബൈ എത്തി.

FqYtRlUWwAMPhO7

മറുപടി ബാറ്റിംഗിൽ വളരെ ദാരുണമായ പ്രകടനം തന്നെയാണ് ഗുജറാത്ത് കാഴ്ചവച്ചത്. നായിക ബെത്ത് മൂണി പരിക്കു മൂലം പുറത്തുപോയതോടെ ഗുജറാത്തിന്റെ ഡഗൗട്ടിലേക്ക് ഒരു ഘോഷയാത്ര തന്നെയായിരുന്നു ഉണ്ടായത്. ഗുജറാത്ത് നിരയിൽ ഒരു ബാറ്റർ പോലും ക്രീസിലുറയ്ക്കാൻ മുംബൈ ബോളർമാർ സമ്മതിച്ചില്ല. എല്ലാ ബോളർമാരും കൃത്യമായി വിക്കറ്റുകൾ നേടിയതോടെ ഗുജറാത്ത് ഇന്നിംഗ്സ് വെറും 64 റൺസിൽ ഒതുങ്ങി.

23 പന്തിൽ 29 റൺസ് നേടിയ ഹേമലത മാത്രമാണ് ഗുജറാത്ത് നിരയിൽ പിടിച്ചുനിന്നത്. മുംബൈ ഇന്ത്യൻസിന് വേണ്ടി സൈക ഇഷഖ് 3.1 ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റും നാറ്റ് സ്കിവർ, അമെലിയ കെർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

FqY63a7WcAIkPSY

മത്സരത്തിൽ 143 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. ഇതോടെ ടൂർണമെന്റിൽ ഒരു ശക്തമായ തുടക്കം മുംബൈയ്ക്ക് ലഭിച്ചിട്ടുണ്ട്. മറുവശത്ത് ഗുജറാത്ത് വളരെ പരിതാപകരമായ സ്ഥിതിയിലാണ്. എന്തായാലും ഹർമൻപ്രീറ്റ് കൗറിനെ സംബന്ധിച്ച് വളരെ മികച്ച ഒരു മത്സരം തന്നെയാണ് അവസാനിച്ചത്.

Previous article30 പന്തില്‍ 66. പ്രഥമ വനിത ഐപിഎല്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍.
Next articleഅവനെ ഇന്ത്യ മറന്നതാണോ? ടെസ്റ്റിൽ രക്ഷിക്കാൻ അവൻ തിരികെവരണം. ചാപ്പൽ പറയുന്നു.