2023 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്. സ്കോട്ട്ലാൻഡിന്റെ  വിജയം 7 വിക്കറ്റുകൾക്ക്.

2023 ലോകകപ്പ് ക്വാളിഫയറിൽ വീണ്ടുമൊരു അട്ടിമറി. സൂപ്പർ സിക്സ് മത്സരത്തിൽ ശക്തരായ വെസ്റ്റിൻഡീസിനെ സ്കോട്ട്‌ലൻഡ്   7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ വെസ്റ്റിൻഡീസ് 2023 ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇത് ആദ്യമായാണ് വെസ്റ്റിൻഡീസ് ഏകദിന ലോകകപ്പ് ടൂർണമെന്റ് കളിക്കാതെ പുറത്താകുന്നത്. ക്വാളിഫയറിൽ നെതർലാൻഡ്സ്, സിംബാബ്വെ, സ്കോട്ട്ലാൻഡ് എന്നീ ടീമുകളോട് തുടർച്ചയായി പരാജയമറിഞ്ഞതോടെയാണ് വെസ്റ്റിൻഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അറുതി വന്നത്. മുൻപ് 2022 ട്വന്റി20 ലോകകപ്പിലും വെസ്റ്റിൻഡീസ് ക്വാളിഫയർ റൗണ്ടിൽ പുറത്തായിരുന്നു.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ സ്കോട്ട്ലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം കാണാൻ സാധിച്ചത് വെസ്റ്റിൻഡീസ് ബാറ്റിംഗ് നിരയുടെ പതനമാണ്. അതുതന്നെ സ്കോട്ട്ലാൻഡിനെതിരെയും ഉണ്ടായി. മുൻനിര ബാറ്റർമാർ റൺസെടുക്കാതെ പുറത്തായത് വെസ്റ്റിൻഡീസിനെ ബാധിച്ചു. ജോൺസൺ ചാൾസ്, ബ്രൂക്ക്സ് തുടങ്ങിയവരൊക്കെയും റൺസ് നേടാതെ പുറത്തായതോടെ വെസ്റ്റിൻഡീസ് തകരുകയായിരുന്നു. വെസ്റ്റിൻഡീസിനായി 79 പന്തുകളിൽ 45 റൺസ് നേടിയ ജയ്സൺ ഹോൾഡറും, 43 പന്തുകളിൽ 36 റൺസ് നേടിയ ഷെപ്പേർഡും മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. സ്കോട്ട്ലാൻഡ് ബോളർമാർ നിറഞ്ഞാടിയ മത്സരത്തിൽ വെറും 181 റൺസ് മാത്രമാണ് വിൻഡീസിന് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്‌ലൻഡിന് ഓപ്പണർ മക്ബ്രെയിഡിനെ(0) ആദ്യ പന്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീടെത്തിയ മക്മുല്ലൻ മാത്യു ക്രോസിനൊപ്പം ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ എല്ലാത്തരം പക്വതയും പുലർത്തി വളരെ പതിയെയാണ് ഇരുവരും നീങ്ങിയത്. ഇതോടെ വിൻഡീസ് പരാജയം മണത്തൂ. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 125 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. മക്മുല്ലൻ 106 പന്തുകളിൽ 69 റൺസ് മത്സരത്തിൽ നേടി. മാത്യു ക്രോസ് 107 പന്തുകളിൽ 74 റൺസാണ് നേടിയത്.

ഇങ്ങനെ മത്സരത്തിൽ 7 വിക്കറ്റുകൾക്ക് സ്കോട്ട്ലാൻഡ് വിജയം കാണുകയായിരുന്നു. വെസ്റ്റിൻഡീസിനെ സംബന്ധിച്ച് വളരെ ദയനീയമായ പ്രകടനമാണ് ക്വാളിഫയർ റൗണ്ടിൽ കാഴ്ചവച്ചത്. നെതർലാൻഡിനോടും സിംബാബ്വെയോടും പരാജയമറിഞ്ഞതിനാൽ തന്നെ ഇനി വെസ്റ്റിൻഡീസിന് 2023 ഏകദിന ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ സാധിക്കില്ല. അതേ സമയം സ്കോട്ട്ലാൻഡിനെ സംബന്ധിച്ച് അട്ടിമറി വിജയമാണ് മത്സരത്തിൽ നേടിയത്. ഇത് ആദ്യമായിയാണ് സ്കോട്ട്ലാൻഡ് വെസ്റ്റിൻഡീസിനെ ഒരു ഏകദിന മത്സരത്തിൽ പരാജയപ്പെടുത്തുന്നത്.

Previous articleലോകകപ്പിനിടെ 8400 കിലോമീറ്റർ യാത്ര. ഇന്ത്യയ്ക്ക് കിട്ടുന്നത് മുട്ടൻ പണി.
Next article“അന്ന് ധോണി ഫീൽഡിൽ വരുത്തിയ ആ മാറ്റം എന്റെ വിക്കറ്റ് കളഞ്ഞു”.. ധോണിയുടെ അത്ഭുത തന്ത്രത്തെ പ്രശംസിച്ച് ഇന്ത്യൻ യുവതാരം.