എന്തൊക്കെ വന്നാലും പിന്തുണയ്ക്കുമെന്ന് സൂര്യയും ഗംഭീറും പറഞ്ഞു, അത് ഊർജമായി. സഞ്ജു വെളിപ്പെടുത്തുന്നു.

sanju and sky 1 scaled

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ 47 പന്തുകളിൽ 111 റൺസാണ് മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത്. ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടവും സഞ്ജു മത്സരത്തിലൂടെ നേടിയെടുത്തു. ഒരു ഇന്ത്യൻ താരം എന്ന നിലയിൽ, താരങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദത്തെ പറ്റി മത്സരശേഷം സഞ്ജു സാംസൺ പറയുകയുണ്ടായി.

മാത്രമല്ല നിലവിലെ ടീമിന്റെ പരിശീലകനായ ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് എന്നും സഞ്ജു സാംസൺ തുറന്നുപറയുന്നു.

ഒരു വാർത്ത സമ്മേളനത്തിലാണ് സഞ്ജു സാംസൺ ഇക്കാര്യം വെളിപ്പെടുത്തിയത്. “ഒരു ഇന്ത്യൻ ക്രിക്കറ്റർ എന്ന നിലയിൽ മാനസികപരമായി ഒരുപാട് അവസ്ഥകളിലൂടെ നമ്മൾ കടന്നു പോകേണ്ടിവരും. പ്രത്യേകിച്ച് ഈ ഫോർമാറ്റിൽ ട്വന്റി20കളിൽ വിജയങ്ങളേക്കാൾ കൂടുതൽ പരാജയങ്ങളാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ടു തന്നെ ഒരു ബാറ്റർ എന്ന നിലയിൽ ആക്രമണ മനോഭാവം എപ്പോഴും പുലർത്താൻ സാധിക്കണം. എപ്പോഴൊക്കെ സ്കോർ ചെയ്യാൻ അവസരം ലഭിക്കുന്നുവോ അപ്പോഴൊക്കെ റൺസ് കണ്ടെത്തണം. ട്വന്റി20 ക്രിക്കറ്റിൽ റിസ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പരാജയങ്ങൾ ഉണ്ടാവാനും ഒരുപാട് സാധ്യതകളുണ്ട്.”- സഞ്ജു പറയുന്നു.

“പരമ്പരയ്ക്ക് 3 ആഴ്ച മുൻപാണ് എനിക്ക് ലീഡർഷിപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു മെസ്സേജ് ലഭിച്ചത്. ഞാനാണ് ഇന്ത്യക്കായി പരമ്പരയിൽ ഓപ്പണറായി എത്തേണ്ടത് എന്ന മെസ്സേജ് ആയിരുന്നു ലഭിച്ചത്. അത്ര നേരത്തെ എനിക്ക് സന്ദേശം ലഭിച്ചതിനാൽ തന്നെ സമയം കണ്ടെത്താൻ സാധിച്ചു. ഞാൻ രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ എത്തുകയും ന്യൂ ബോളുകളിൽ ഒരുപാട് പരിശീലനം ചെയ്യുകയും ചെയ്തു. അതെന്നെ ഒരുപാട് സഹായിച്ചു. മറ്റുള്ള പരമ്പരകൾക്ക് തയ്യാറാവുന്നതിനേക്കാൾ 10% കൂടുതൽ പരിശീലനങ്ങൾ ചെയ്യാൻ എനിക്ക് മത്സരത്തിനു മുൻപ് കഴിഞ്ഞിരുന്നു.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

Read Also -  ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ. റെക്കോർഡ് സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍

“എന്റെ പ്രകടനത്തിൽ കൂടുതൽ ക്രെഡിറ്റ് കൊടുക്കേണ്ടത് ഡ്രസ്സിംഗ് റൂമിനും ലീഡർഷിപ്പ് ഗ്രൂപ്പിനുമാണ് എന്ന് ഞാൻ കരുതുന്നു. നിലവിലെ ഇന്ത്യയുടെ നായകനും പരിശീലകനും എനിക്ക് ആവശ്യമായ പിന്തുണ നൽകി. ശ്രീലങ്കയ്ക്ക് എതിരായ 2 മത്സരങ്ങളിലും പൂജ്യനായി പുറത്തായതോടെ എനിക്ക് ടീമിൽ അവസരം ലഭിക്കുമോ എന്ന് സംശയമുണ്ടായി. അടുത്ത പരമ്പരയിൽ അവസരം ലഭിക്കില്ല എന്ന് തന്നെ ഞാൻ കരുതി. പക്ഷേ അവർ എനിക്ക് പിന്തുണ നൽകി. എന്തൊക്കെ വന്നാലും ഞങ്ങൾ നിന്നെ പിന്തുണയ്ക്കുമെന്ന് അവർ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് മൈതാനത്ത് എത്തി എതിർ ടീമിന്മേൽ ആധിപത്യം സ്ഥാപിക്കാൻ ഞാൻ ശ്രമിച്ചത്.”- സഞ്ജു പറഞ്ഞു വെക്കുന്നു.

Scroll to Top