3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. ജൂലൈ 27നാണ് പരമ്പര ആരംഭിക്കുന്നത്. ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പര്യടനമാണ് ശ്രീലങ്കയിലേത്. ട്വന്റി20 പരമ്പരയ്ക്കുള്ള വളരെ മികച്ച ഒരു സ്ക്വാഡ് ഇന്ത്യ ഇതിനോടകം പ്രഖ്യാപിക്കുകയുണ്ടായി.
സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന ഒരു ഉഗ്രൻ സ്ക്വാഡാണ് ശ്രീലങ്കയ്ക്കെതിരെ അണിനിരക്കുന്നത്. എന്നാൽ സഞ്ജുവിനൊപ്പം ഋഷഭ് പന്തും ഇന്ത്യയുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. അതിനാൽ സഞ്ജു ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ എന്നതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
𝗛𝗲𝗮𝗱 𝗖𝗼𝗮𝗰𝗵 𝗚𝗮𝘂𝘁𝗮𝗺 𝗚𝗮𝗺𝗯𝗵𝗶𝗿 𝗧𝗮𝗸𝗲𝘀 𝗖𝗵𝗮𝗿𝗴𝗲! 💪#TeamIndia | #SLvIND | @GautamGambhir pic.twitter.com/sbG7VLfXGc
— BCCI (@BCCI) July 23, 2024
ബിസിസിഐ റിലീസ് ചെയ്ത ഇന്ത്യയുടെ പരിശീലന വീഡിയോ എത്തിയതോടെയാണ് സഞ്ജു സാംസൺ ആദ്യ ട്വന്റി20 മത്സരത്തിന് ഉണ്ടാവുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുന്നത്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിനൊപ്പം സഞ്ജു പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സഞ്ജുവിനോട് കുറച്ച് ബാറ്റിംഗ് ടിപ്സ് പറഞ്ഞുകൊടുക്കുന്ന ഗൗതം ഗംഭീറിനെയും വീഡിയോയിൽ കാണാൻ സാധിക്കും. ഗംഭീറിന്റെ ടിപ്പുകളെ വളരെ ശ്രദ്ധയോടെ സഞ്ജു കേട്ടുനിൽക്കുന്നതും വീഡിയോയിലുണ്ട്. എന്നിരുന്നാലും ആദ്യ മത്സരത്തിൽ സഞ്ജു കളിക്കുമോ എന്ന കാര്യം പൂർണമായും ഉറപ്പായിട്ടില്ല.
സിംബാബ്വെയ്ക്കെതിരായ 3 ട്വന്റി20 മത്സരങ്ങളിൽ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കളിക്കുകയുണ്ടായി. അവസാന ട്വന്റി20 മത്സരത്തിൽ ഒരു അർത്ഥസെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാനും സഞ്ജു സാംസൺ സാധിച്ചിരുന്നു. പക്ഷേ 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ചിട്ടും ടീമിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെയുള്ള ട്വന്റി20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും, ഏകദിന ടീമിൽ നിന്ന് ഒഴിവാക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇന്ത്യയ്ക്കായുള്ള തന്റെ അവസാന ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കെതിരെ അവരുടെ നാട്ടിൽ നടന്ന മത്സരത്തിലാണ് സഞ്ജു ഒരു തകർപ്പൻ സെഞ്ച്വറി നേടിയത്. ഇതിന് ശേഷം സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് മുൻ താരങ്ങൾ പോലും വിലയിരുത്തുകയുണ്ടായി. പക്ഷേ അടുത്ത മത്സരത്തിൽ തന്നെ സഞ്ജുവിനെ ഇന്ത്യ അവഗണിക്കുന്നതാണ് കണ്ടത്. റോബിൻ ഉത്തപ്പ അടക്കമുള്ള മുൻ താരങ്ങൾ ഇതിനെതിരെ രംഗത്ത് വരികയും തങ്ങളുടെ വിമർശനം അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും സഞ്ജുവിന് ഇനിയും അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.